റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്​ടർ റാലിക്കിടെയുണ്ടായ സംഘർഷം; ദീപ്​ സിദ്ദു അറസ്റ്റിൽ

Delhi Police arrest Red Fort raider Deep Sidhu

റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്​ടർ റാലിക്കിടെയുണ്ടായ അക്രമങ്ങളുടെ മുഖ്യ സൂത്രധാ​രനെന്ന്​ കരുതുന്ന പഞ്ചാബി നടനും ഗായകനുമായ ദീപ്​ സിദ്ദു അറസ്റ്റിൽ. ചെ​ങ്കോട്ടയിലെ അക്രമ സംഭവങ്ങൾക്ക്​ ശേഷം ഒളിവിലായിരുന്നു ഇയാൾ. പഞ്ചാബിൽ നിന്നും ഡൽഹി പൊലീസിലെ പ്രത്യേക സംഘമാണ്​ ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്തത്. നടനെതിരെ പൊലീസ്​ എഫ്​.ഐ.ആർ രേഖപ്പെടുത്തി കേസ്​ എടുത്തിരുന്നു.

ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്താൻ നേതൃത്വം നൽകിയശേഷം ഒളിവിൽ പോയ നടനെതിരെ പൊലീസ് തിരച്ചിൽ ഊർജിതമാക്കുന്നതിനിടെയും സമൂഹ മാധ്യമങ്ങളിൽ ദീപ് സിദ്ധുവിന്റെ വിഡിയോകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഒളി സങ്കേതത്തിൽ സ്വയം ചിത്രീകരിച്ച വിഡിയോകൾ വിദേശത്തുള്ള സുഹൃത്തിന് അയച്ചു കൊടുത്തെന്നാണ് പൊലീസിന്റെ നിഗമനം. കേന്ദ്രവും ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധം ഇയാൾ പുലർത്തിയിരുന്നതായും ആരോപണം ഉയർന്നിരുന്നു.

അക്രമ സംഭവങ്ങൾക്ക്​ ശേഷം കർഷകർ നടനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ചെങ്കോട്ടയില്‍ അക്രമം നടത്തിയതും പതാക ഉയര്‍ത്തിയതും ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നും, ആ സമരവുമായി ഞങ്ങള്‍ക്ക് ബന്ധമില്ലെന്നും അക്രമ സമരത്തെ തള്ളിക്കളയുന്നുവെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. കിസാന്‍ റാലിക്കിടെയുണ്ടായ അനിഷ്ട സംഭവങ്ങളില്‍ ആരോപണ വിധേയനായ ദീപ് സിദ്ദുവിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

Content Highlights; Delhi Police arrest Red Fort raider Deep Sidhu