ടൈറ്റാനിയം ഫാക്ടറിയില്‍ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി ഓയില്‍ കടലിലേക്ക് ഒഴുകി

glass furnace collapsed in titanium factory

തിരുവനന്തപുരം വേളി ടൈറ്റാനിയം ഫാക്ടറിയില്‍ ഗ്ലാസ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഫര്‍ണസ് ഓയില്‍ ഓട വഴി കടലിലേക്കൊഴുകി. വേളി മുതല്‍ പുതുക്കുറുച്ചി വരെ കടലില്‍ വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് ലീക്കേജ് ഉണ്ടായത്. മീന്‍ പിടിക്കുകയായിരുന്ന മത്സ്യ തൊഴിലാളികളാണ് ഫര്‍ണസ് ഓയില്‍ കടലില്‍ വ്യാപിക്കുന്നത് കണ്ടത്. ഇവര്‍ ഉടന്‍ തന്നെ ടൈറ്റാനിയം അധികൃതരെ വിവരം അറിയിച്ചു. അവര്‍ നടത്തിയ പരിശോധനയിലാണ് പൈപ്പ് പൊട്ടിയതായി കണ്ടെത്തിയത്. ചോര്‍ച്ച അധികൃതര്‍ അടച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ വേളി, ശംഖുമുഖം കടല്‍തീരങ്ങളിലും കടലിലും പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ഫര്‍ണസ് ഓയില്‍ പടര്‍ന്നതോടെ മല്‍സ്യ ആവാസ വ്യവസ്ഥയ്ക്ക് ഇത് ഭീഷണിയാകുമെന്ന ആശങ്കയിലാണ് തീരം. കടലിലേക്ക് എത്രത്തോളം എണ്ണ പടര്‍ന്നെന്നറിയാന്‍ കോസ്റ്റ്ഗാര്‍ഡ് പരിശോധന നടത്തുകയാണ്. വിഷം വ്യാപിച്ചതിനാല്‍ ഏകദേശം രണ്ടുമാസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്ക് ഇനി കടലില്‍ പോകാനാകില്ല. 

content highlights: glass furnace collapsed in titanium factory