സാമൂഹിക മാധ്യമങ്ങള്‍ ഇന്ത്യൻ നിയമങ്ങൾ പാലിക്കാന്‍ ബാധ്യസ്ഥര്‍; ട്വിറ്ററിന്റെ പ്രതികരണത്തില്‍ അതൃപ്തി അറിയിച്ച് കേന്ദ്രം

Tough action against social media spreading fake news, fuelling violence: RS Prasad tells Parliament

കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ ആയിരത്തിലധികം അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന കേന്ദ്ര നിര്‍ദേശത്തോടുളള ട്വിറ്ററിന്റെ പ്രതികരണത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് കേന്ദ്രം. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം സ്വന്തം നിയമങ്ങളേക്കാള്‍ രാജ്യത്തെ നിയമം പാലിക്കാന്‍ ബാധ്യസ്ഥമാണെന്ന് ട്വിറ്ററിനുള്ള മുന്നറിയിപ്പില്‍ കേന്ദ്ര ഐടി സെക്രട്ടറി വ്യക്തമാക്കി. 

നിര്‍ദേശിച്ച മുഴുവന്‍ അക്കൗണ്ടുകളും ഉടന്‍ റദ്ദാക്കണമെന്നും ട്വിറ്റര്‍ പ്രതിനിധികളുമായുള്ള ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ ഐ ടി സെക്രട്ടറി ആവശ്യപ്പെട്ടു. കര്‍ഷക വംശഹത്യയെന്ന ഹാഷ്ടാഗ് ഉപയോഗിച്ചത് അഭിപ്രായ സ്വാതന്ത്ര്യമോ മാധ്യമ സ്വാതന്ത്ര്യമോ അല്ലെന്നും കൂടിക്കാഴ്ചയില്‍ ഐടി സെക്രട്ടറി പറഞ്ഞു. ഇന്ത്യയില്‍ പ്രവര്‍ത്തനം തുടരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും നിയമങ്ങളെ ബഹുമാനിക്കുന്നുവെന്നും ട്വിറ്റര്‍ പ്രതിനിധികള്‍ മറുപടി പറഞ്ഞു.

ഖലിസ്ഥാന്‍ വാദത്തെ പിന്തുണയ്ക്കുന്നതും പാകിസ്താന്റെ പ്രേരണയില്‍ പ്രവര്‍ത്തിക്കുന്നതുമായ 1178 അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ട്വിറ്റര്‍ അഞ്ഞൂറിലധികം അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. എന്നാല്‍ അഭിപ്രായസ്വാതന്ത്ര്യത്തിനുളള വ്യക്തികളുടെ അവകാശം ചൂണ്ടിക്കാട്ടി മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും രാഷ്ട്രീയനേതാക്കളുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നില്ലെന്നും ട്വിറ്റര്‍ വ്യക്തമാക്കിയിരുന്നു. ഇത് ഇന്ത്യ ഉറപ്പുനല്‍കുന്ന വ്യക്തി സ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്ന് ട്വിറ്റര്‍ പറഞ്ഞു. എന്നാല്‍ കേന്ദ്രത്തിന്റെ നിര്‍ദേശം പാലിക്കാതെ ട്വിറ്റര്‍ നിലപാട് സ്വീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഐടി മന്ത്രാലയവും ട്വിറ്റര്‍ അധികൃതരും തമ്മില്‍ വെര്‍ച്വല്‍ കൂടിക്കാഴ്ച നടന്നത്.

അതേസമയം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനും അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കാനും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കപ്പെട്ടാൽ അവർക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, യു ട്യൂബ്, ലിങ്ക്ഡ്ഇന്‍ എന്നിവയെ പേരെടുത്തു പറഞ്ഞായിരുന്നു രാജ്യസഭയില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

content highlights: Tough action against social media spreading fake news, fuelling violence: RS Prasad tells Parliament