ഉത്തരാഖണ്ഡ് ദുരന്തം: രണ്ടുപേരെ കൂടി ജീവനോടെ കണ്ടെത്തി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

Uttarakhand Tunnel Rescue Work Resumes After Temporary Halt As River Surges

ദെഹ്റാദൂണ്‍: ഉത്തരാഖണ്ഡിലെ മഞ്ഞുമല ദുരന്തത്തില്‍ ഇതുവരെ 36 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും 204 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍.ദുരന്തത്തില്‍പ്പെട്ട രണ്ടുപേരെകൂടി ഇതിനോടകം രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ചമോലി ജില്ല മജിസ്ട്രേട്ട് സ്വാതി ഭദോരിയ പറഞ്ഞു. തപോവന്‍ തുരങ്കത്തില്‍ അടിഞ്ഞ അവശിഷ്ടങ്ങള്‍ നീക്കാനുള്ള ഡ്രില്ലിങ് രക്ഷാപ്രവര്‍ത്തക സംഘം ആരംഭിച്ചിട്ടുണ്ട്.

തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഓക്സിജന്‍ ലഭ്യമാക്കാനുള്ള ജീവന്‍ രക്ഷാ സംവിധാനം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകരുടെ സംഘം. മുപ്പതോളം പേര്‍ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് കരുതുന്നത്. ധൗളിഗംഗ നദിയില്‍ ജലനിരപ്പുയര്‍ന്നതിനു പിന്നാലെ ഇവിടുത്തെ രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

ഐ.ടി.ബി.പി., എന്‍.ഡി.ആര്‍.എഫ്., എസ്.ഡി.ആര്‍.എഫ്., സൈന്യം എന്നിവരുടെ സംഘങ്ങളാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. വ്യാഴാഴ്ച ധൗളിഗംഗയിലെജലനിരപ്പ് ഉയര്‍ന്നതിനു പിന്നാലെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. ഇതിനു മുമ്പ്, 120 മീറ്ററോളം താഴ്ചയിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തിരുന്നു. 180മീറ്ററോളം താഴെ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സൂചന.

Content Highlight: Uttarakhand tragedy: Two more found alive, rescue operation continues