ഉചിതമായ സമയത്ത് ജമ്മുകശ്മീരിന് സംസ്ഥാന പദവി നല്‍കുമെന്ന് ആഭ്യന്തര അമിത് ഷാ. ശനിയാഴ്ച ലോക്സഭയിൽ ജെ ആൻഡ് കെ റീഓർഗനൈസേഷൻ ബിൽ 2021ന്റെ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീർ സംസ്ഥാനത്തെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റിയ 2019ലെ ബില്ലിന്റെ ഭേദഗതിയാണ് ഇപ്പോഴത്തേത്. ജമ്മു കശ്മീരിന് സംസ്ഥാന പദവി ലഭിക്കില്ലെന്നാണ് പല എംപിമാരും പറയുന്നത്. എന്നാൽ ഭേദഗതി കൊണ്ടുവന്നെന്ന് വച്ച് അതില്ലാതാകില്ല. ഞാനാണ് ബിൽ കൊണ്ടുവന്നത്. അതിൽ എവിടെയും സംസ്ഥാന പദവി ഇല്ലെന്ന് എഴുതിയിട്ടില്ല. പിന്നെ എവിടെ നിന്നാണ് നിങ്ങൾക്ക് ഇത്തരം അനുമാനം ലഭിക്കുന്നത്. അമിത് ഷാ പ്രതിപക്ഷത്തോടു ചോദിച്ചു.
ഞാൻ സഭയിൽ പറഞ്ഞിട്ടുണ്ട് ഇനിയും പറയുന്നു. ഈ ബില്ലിന് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയുമായി ഒരു ബന്ധവുമില്ല. ഉചിതമായ സമയത്ത് ജമ്മുകശ്മീരിന് സംസ്ഥാന പദവി നല്‍കും. മറ്റു കേന്ദ്ര ഭരണപ്രദേശങ്ങള്‍ നേരത്തെ സംസ്ഥാന പദവി നേടിയിട്ടില്ലേ? മറ്റു അതിര്‍ത്തി പ്രദേശങ്ങള്‍ സംസ്ഥാന പദവി നേടിയിട്ടില്ലെ? പിന്നെ എന്തുകൊണ്ടാണ് ജമ്മു കശ്മീര്‍ വ്യത്യാസപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
370-ാം വകുപ്പ് റദ്ദാക്കപ്പെടുമ്പോള്‍ നല്കിയ വാഗ്ദാനങ്ങളെ കുറിച്ച് നിങ്ങള്‍ ചോദിച്ചോളൂ. ഇപ്പോള്‍ 17 മാസമായി എന്താണ് ചെയ്തതെന്നതിന് കണക്കുകളുണ്ട്. അതിന് മുമ്പുള്ള 70 വര്‍ഷം ചെയ്തതിനും കണക്കുണ്ട്. എന്നാല്‍ തലമുറകളായി ഭരിക്കുന്നവര്‍ കണക്ക് ചോദിക്കാന്‍ പോലും യോഗ്യരാണോ എന്ന് പരിശോധിക്കണമെന്നും അമിത് ഷാ പറഞ്ഞു.
content highlights: “J&K Will Get Statehood At Appropriate Time”: Amit Shah In Lok Sabha