സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മീഷണറെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിനെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍. സംഘത്തിന്റെ കാറും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന്റെ പരാതിയില്‍ കോഴിക്കോട്, കൊണ്ടോട്ടി പൊലീസാണ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്. കല്‍പ്പറ്റയില്‍ നിന്ന് കരിപ്പൂരിലെ കാര്‍ഗോ ഓഫീസിലേക്ക് വരുമ്പോള്‍ കസ്റ്റംസ് ഓഫീസറുടെ കാറിനെ അപകടകരമാം വിധം പിന്തുടരുകയും മാര്‍ഗ തടസം സൃഷ്ടിക്കുകയും ചെയ്തു എന്നാണ് പരാതി. മുക്കം സ്വദേശികളായ ജസീം, തന്‍സീം എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കസ്റ്റംസും ഇവരെ ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇവര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. കേസ് അന്വേഷിക്കാന്‍ കസ്റ്റംസിന്റെ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. 

കസ്റ്റഡിയിലെടുത്തവര്‍ക്ക് സ്വര്‍ണക്കടത്ത്, ഹവാല ബന്ധമില്ല, വിദേശത്തും പോയിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്നാണ് റിപ്പോര്‍ട്ട്. മലപ്പുറം എടവണ്ണപ്പാറയ്ക്കടുത്താണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം വയനാട് കല്‍പ്പെറ്റയിലെത്തിയ കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാര്‍ ഉച്ചയോടെയാണ് മടങ്ങിയത്. 2.45 ന് മുക്കം കഴിഞ്ഞ് എടവണ്ണപാറയ്ക്കടുത്തെത്തിയപ്പോള്‍ നാല് വാഹനങ്ങള്‍ പിന്തുടര്‍ന്നു. ഇടക്ക് മുന്നില്‍ ഓടിച്ച് ഓവര്‍ടേക്ക് ചെയ്യാന്‍ സാധിക്കാത്തവിധം ബ്ലോക്ക് ചെയ്തു. ബൈക്കിലും കാറിലുമായിരുന്നു സംഘം. കൊണ്ടോട്ടി വരെ പിന്തുടര്‍ന്നു. തന്റെ വാഹനത്തിന്റെ ഡ്രൈവര്‍ വേഗത്തില്‍ സ്ഥലത്തു നിന്നും പോയതിനാലാണ് രക്ഷപെട്ടതെന്ന് സുമിത് കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

content highlights: two taken into custody in connection with the attempt to attack against customs commissioner Sumit Kumar