തലയെടുപ്പുള്ള ഒരാനയെപ്പോലെ, പതിനായിരക്കണക്കിന് ആളുകൾക്കൊപ്പമാണ് കാപ്പൻ യുഡിഎഫിലേക്ക് വരുന്നത്; പി.കെ കുഞ്ഞാലിക്കുട്ടി

pk kunjalikutty about maani c kappan

തലയെടുപ്പുള്ള ഒരാനയെപ്പോലെ, പതിനായിരക്കണക്കിന് ആളുകൾക്കൊപ്പമാണ് മാണി സി കാപ്പൻ യുഡിഎഫിലേക്ക് വരുന്നതെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ മാണി സി കാപ്പന് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലയെ കൂടാതെ അടുത്തുള്ള നിയമസഭാ സീറ്റുകളിലും കാപ്പന്റെ വരവ് യുഡിഎഫിന് ആത്മവിശ്വാസം നൽകുന്നുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘നല്ല വലിപ്പമുള്ള കാപ്പൻ, നല്ല ചന്തത്തോടെ, തലയെടുപ്പുള്ള ഒരാനയെപ്പോലെ പതിനായിരക്കണക്കിന് ആളുകളെയും കൂട്ടി, പാലായിലെ ജനങ്ങളെയും കൂട്ടി ഈ വേദിയിലേക്ക് വന്നിരിക്കുന്നു. ഇത് വിജയത്തിന്റെ നന്ദിയാണ്. യാതൊരു സംശയവുമില്ല. ഐക്യജനാധിപത്യ മുന്നണി വിജയവീരഗാഥയാണ് രചിച്ചു കൊണ്ടിരിക്കുന്നത്. എൽഡിഎഫ് പാലാ സീറ്റെടുത്ത് തോറ്റവന് കൊടുക്കാൻ നോക്കി എന്ന കാപ്പന്റെ പരാതി ന്യായമാണ്. അതു കൊണ്ട് അദ്ദേഹം പാലായിലെ ജനങ്ങളെ കൂട്ടി ഇങ്ങ് പോന്നു’ എന്നുമാണ് കുഞ്ഞാലികുട്ടി പറഞ്ഞത്.

കാപ്പന്റെ വരവിനോട് അനുബന്ധിച്ച് വലിയ സ്വീകരണമാണ് പാലായിൽ ഒരുക്കിയിരുന്നത്. പുതിയ പാർട്ടി രൂപീകരിച്ച് യുഡിഎഫിന്റെ ഭാഗമാകുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ചെന്നിത്തലയുടെ യാത്ര പാലായിൽ എത്തുമ്പോൾ ജാഥയുടെ ഭാഗമാകുമെന്നും കാപ്പൻ നേരത്തെ അറിയിച്ചിരുന്നു. യുഡിഎഫ് നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല പി.ജെ ജോസഫ് തുടങ്ങിയവരും കാപ്പനെ സ്വീകരിച്ചു.

Content Highlights; pk kunjalikutty about maani c kappan