വ്യക്തിപരമായ ആക്ഷേപത്തിന് മറുപടിയില്ല, പി.എസ്.സി പരീക്ഷ എഴുതിയവരോട് യു.ഡി.എഫ് സർക്കാർ നീതി കാട്ടിയെന്നും ഉമ്മന്‍ ചാണ്ടി

Oommen Chandy

മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഉമ്മൻ ചാണ്ടി രംഗത്ത്. പി.എസ്.സി ഉദ്യോഗാർത്ഥികളോട് യു.ഡി.എഫ് സർക്കാർ എന്നും നീതി കാട്ടി. പകരം റാങ്ക് ലിസ്റ്റ് വരാതെ ഒരു ലിസ്റ്റും യു.ഡി.എഫ് റദ്ദാക്കിയിട്ടില്ലെന്നും ഉമ്മൻചാണ്ടി കണ്ണൂരിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഇന്നലത്തെ പരാമര്‍ശത്തെക്കുറിച്ചും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. വ്യക്തിപരമായ ആക്ഷേപത്തിന് മറുപടി പറയില്ല. തന്നെ എന്തുവേണമെങ്കിലും പറയട്ടേയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിലും വലുതായി ആക്ഷേപിക്കുകയും കല്ലെറിയുകയും ചെയ്തിട്ടുള്ളതാണ്. അന്നൊന്നും ഒരു മറുപടിയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 

റാങ്ക് ലിസ്റ്റിലെ മുഴുവന്‍ പേര്‍ക്കും നിയമനം വേണമെന്നും കാലാവധി തീര്‍ന്ന ലിസ്റ്റ് പുനരുജ്ജീവിപ്പിക്കണമെന്നും പറഞ്ഞ് നടക്കുന്ന സമരത്തിന് മുമ്പില്‍ ഒരു മുന്‍ മുഖ്യമന്ത്രി തന്നെ വരുന്നത് ആശ്ചര്യം ഉണ്ടാക്കുന്നെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ ചാണ്ടിയാണ് ഉദ്യോഗാര്‍ഥികളുടെ കാല്‍ പിടിക്കേണ്ടതെന്നും മുട്ടില്‍ ഇഴയേണ്ടതുമെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.

സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി കുറച്ചത് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കാലത്താണ്. അന്ന് പിഎസ്സി ചെയര്‍മാന് കത്ത് എഴുതിയതും ഉമ്മന്‍ ചാണ്ടിയാണ്. പ്രതിപക്ഷത്തിന്റെ അപകടകരമായ കളി ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയണമെന്നും പിണറായി പറഞ്ഞിരുന്നു.എന്നാൽ പിഎസ്‌സി പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികളോട് യുഡിഎഫ് സര്‍ക്കാരുകള്‍ എന്നും നീതിയാണ് കാണിച്ചതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.  മുഖ്യമന്ത്രി ഉദ്യോഗാര്‍ഥികളുമായി സംസാരിച്ചില്ലെന്നും അവരുടെ ആവശ്യം എന്തെന്ന് മനസ്സിലാക്കിയില്ലെന്നും ഉമ്മന്‍ചാണ്ടി മറുപടി നല്‍കി.

content highlights: Oommen Chandy response to psc rank holders protest