ഇന്ത്യയില്‍ കണ്ടെത്തിയ വൈറസ് വകഭേദം കൂടുതല്‍ അപകടകാരിയായേക്കാം; എയിംസ് മേധാവി

New Indian Strains Of COVID-19 Could Be More Infectious, Says AIIMS Chief

ഇന്ത്യയില്‍ തിരിച്ചറിഞ്ഞ കൊറോണ വൈറസ് വകഭേദങ്ങള്‍ കൂടുതല്‍ അപകടകാരിയായേക്കാമെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. എല്ലാ ജനങ്ങളും കൊവിഡില്‍ നിന്ന് രക്ഷ നേടണമെന്നുണ്ടെങ്കില്‍ 80 ശതമാനം പേരിലെങ്കിലും ആന്റിബോഡികള്‍ വേണ്ടിവരും. അതിനാല്‍ ആര്‍ജിത പ്രതിരോധശേഷി എന്നത് ഇന്ത്യയില്‍ ഒരു ‘മിത്ത്’ ആയിരിക്കും. ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു. കൊറോണ വൈറസിനെതിരെ ആന്റിബോഡികള്‍ രൂപപ്പെട്ടവരെയും വകഭേദം സംഭവിച്ച വൈറസ് ബാധിച്ചേക്കാമെന്നും ഡോ. രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി.

വകഭേദം സംബന്ധിച്ച വൈറസുകള്‍ക്ക് നിലവിലെ പ്രതിരോധങ്ങളില്‍ നിന്നെല്ലാം രക്ഷപെടാനുള്ള ശേഷിയുണ്ട്. വാക്‌സിന്‍ സ്വീകരിച്ചതിലൂടെ പ്രതിരോധ ശേഷി നേടിയ ഒരാള്‍ക്ക് ഭീഷണിയാകാനും വീണ്ടും രോഗബാധ സൃഷ്ടിക്കാനും അവയ്ക്ക് സാധിക്കും. അതുകൊണ്ടാണ് ആര്‍ജിത പ്രതിരോധ ശേഷി എന്നത് ഇന്ത്യയില്‍ ഒരു മിത്ത് ആണെന്ന് പറയാന്‍ കാരണം. ഈ സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധ പെരുമാറ്റം തുടരുക മാത്രമാണ് ശരിയായ മാര്‍ഗം. വ്യാപക പരിശോധന, രോഗബാധിതരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍, ഐസൊലേഷന്‍ തുടങ്ങിയ കര്‍ശന മാര്‍ഗങ്ങളിലേക്ക് ഇന്ത്യ തിരിച്ചുവരണം.

വാക്സിന്‍ സ്വീകരിച്ചവര്‍ക്കും രോഗം വീണ്ടും ബാധിച്ചേക്കാം. പക്ഷേ രോഗത്തിന്റെ തീവ്രത കുറവായിരിക്കും. പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ വാക്സിനുകളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോ എന്ന കാര്യം തുടര്‍ച്ചയായായി പരിശോധിച്ചുവരികയാണ്. വരും മാസങ്ങളില്‍ വാക്‌സിനുകളില്‍ മാറ്റം കൊണ്ടുവന്നേക്കും. ഈ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

content highlights: New Indian Strains Of COVID-19 Could Be More Infectious, Says AIIMS Chief