ഇന്ന് ഇന്ധനവില കൂട്ടിയില്ല; തുടര്‍ച്ചയായ 14 ദിവസത്തിനൊടുവില്‍ ആശ്വാസം

Petrol, diesel prices hiked again

തുടര്‍ച്ചയായ ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇന്ന് വര്‍ധനവുണ്ടായില്ല. കഴിഞ്ഞ പതിമൂന്ന് ദിവസമായി പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിച്ചിരിക്കുകയായിരുന്നു. ഇന്നലെ പെട്രോളിനും ഡീസലിനും 39 പൈസയാണ് വര്‍ധിച്ചത്. ഇന്ധനവിലയില്‍ ഏറ്റവും വലിയ പ്രതിദിന വര്‍ധനവായിരുന്നു ഇത്. രാജ്യത്തെ പല സ്ഥലങ്ങളിലും പെട്രോളിന്റെ വില നൂറ് കടന്നു. ഡീസലിന്റെ വിലയും 90 രൂപക്ക് മുകളിലായിരുന്നു. ഇന്ധനവില വര്‍ധനവ് പച്ചക്കറിയുടെയും മറ്റു അവശ്യ സാധനങ്ങളുടെയും വില വര്‍ധിപ്പിച്ചിരിക്കുകയാണ്. ഈമാസം മാത്രം പെട്രോളിന് 4.22 രൂപയും ഡീസലിന് 4.65 രൂപയുമാണ് വര്‍ധിച്ചത്.

തിരുവനന്തപുരത്ത് പെട്രോള്‍ 92.69 രൂപ, ഡീസല്‍ 87.22 രൂപ. കൊച്ചിയില്‍ പെട്രോളിന് 90.85 രൂപയാണ്. ഡീസല്‍ 85.49 രൂപ. അതേസമയം രാജ്യത്ത് പല സംസ്ഥാനങ്ങളിലും പെട്രോള്‍ വില മൂന്നക്കം കടന്നു. ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധമുയരുന്നുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തമായ സമരങ്ങള്‍ നടന്നുവരുന്നുണ്ട്. വില വര്‍ധനവ് തടയാന്‍ പെട്രോളിനെയും ഡീസലിനെയും ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരുന്നതില്‍ എതിര്‍പ്പില്ലെന്ന് അറിയിച്ച കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനെതിരെ കടുത്ത വിമര്‍ശനമുയരുന്നുണ്ട്. വലിയ നികുതി നഷ്ടമുണ്ടാക്കുന്നതിനാല്‍ ഈ തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ അനുകൂലിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

content highlights: Petrol, diesel prices remain unchanged on Sunday after hitting an all-time high