യുഎസിൽ 5 ലക്ഷം കടന്ന് കോവിഡ് മരണം; ജീവൻ നഷ്ടപ്പെട്ടവർക്ക് പതാക പകുതി താഴ്ത്തി ആദരം

കോവിഡ് ബാധിച്ച് യുഎസിൽ മരിച്ചവരുടെ എണ്ണം 5 ലക്ഷം കടന്നു. ജീവൻ നഷ്ടപ്പെട്ടവർക്ക് രാജ്യം ആദരം അർപ്പിച്ചു. വൈറ്റ് ഹൗസിലെ പതാക അഞ്ച് ദിവസത്തേക്ക് പകുതി താഴ്ത്തി. വൈറ്റ് ഹൗസിൽ മെഴുകുതിരി കത്തിച്ച് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും ദുഃഖാചരണത്തിൽ പങ്കുചേർന്നു.

ഒരു രാജ്യമെന്ന നിലയിൽ ഇത്തരമൊരു ക്രൂരവിധി അംഗീകരിക്കാനാവില്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.  രണ്ടു ലോക മഹായുദ്ധങ്ങളിലും വിയറ്റ്നാം യുദ്ധത്തിലും മരിച്ച ആകെ ആളുകളെക്കാൾ കൂടുതലാണ് കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ട അമേരിക്കക്കാരുടെ എണ്ണം. നമ്മൾക്കു നഷ്ടപ്പെട്ടവരെയെല്ലാം ഓർക്കാൻ ഞാൻ എല്ലാ അമേരിക്കക്കാരോടും ആവശ്യപ്പെടുന്നുവെന്നും ജോ ബൈഡൻ പറഞ്ഞു.

മാസങ്ങൾക്ക് മുൻപ് തന്നെ ഫെബ്രുവരി അവസാനത്തോടെ യുഎസിൽ കോവിഡ് മരണം 500,000 ലെത്തുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. വാക്സീൻ വിതരണം തുടങ്ങിയതും മഞ്ഞുകാലത്ത് കോവിഡ് കേസുകൾ കുറഞ്ഞത് ആശ്വാസമായിരുന്നുവെങ്കിലും മരണസംഖ്യ ക്രമാതീതമായി വർധിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നു. 

content highlights: Covid: Biden calls 500,000 death toll a ‘heartbreaking milestone’