പ്രവാസി ഇന്ത്യക്കാർക്ക് വോട്ട് പരിഗണനയിലെന്ന് തിരഞ്ഞെടുപ്പ്‌ കമ്മിഷൻ

പ്രവാസി ഇന്ത്യക്കാരുടെ ദീർഘകാല ആവശ്യമായ പോസ്റ്റൽ ബാലറ്റിനു പൂർണ  പിന്തുണ അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇത് സംബന്ധിച്ച് കമ്മിഷൻ വാർത്താക്കുറിപ്പും ഇറക്കി. പ്രവാസി വോട്ടിനായി സുപ്രീംകോടതിയിൽ പൊതുതാത്‌പര്യ ഹർജി നൽകിയ ഡോ. ഷംഷീർ വയലിലുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായി നിയമ, വിദേശകാര്യ മന്ത്രാലയങ്ങളുമായി ആശയവിനിമയം നടത്തി വരുകയാണെന്നും കമ്മിഷൻ വ്യക്തമാക്കി. 

കമ്മിഷന്റെ പ്രതികരണം പ്രതീക്ഷാജനകമെന്നും ഈ വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രവാസി പോസ്റ്റൽ ബാലറ്റ് നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ ഷംഷീർ വയലിൽ പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളെ ആദ്യഘട്ടത്തിൽ നിന്ന് ഒഴിവാക്കാൻ പറയുന്ന വാദങ്ങൾ വസ്തുതാപരമായി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. നാട്ടിൽ പോകാതെ തന്നെ വോട്ട് ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ ഗൾഫ് രാജ്യങ്ങളിൽ നിലവിൽ അനുമതിയുള്ളതിനാൽ വിദേശകാര്യമന്ത്രാലയം ഉന്നയിച്ചിട്ടുള്ള ആശങ്കയിൽ അടിസ്ഥാനമില്ലെന്ന് ഷംഷീർ പറഞ്ഞു. 18,22,173 ഫിലിപ്പീൻസ് സ്വദേശികൾ യു.എ.ഇ.യിൽ നിന്നു വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുള്ളതും അദ്ദേഹം ചൂണ്ടിക്കാട്ടി.

content highlights: Electronic postal votes for expatriates