60 വയസിന് മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ നൽകുന്നതിനായി വെള്ളിയാഴ്ച സംസ്ഥാനത്ത് 4,06,500 ഡോസ് വാക്സിനുകള്‍ എത്തുമെന്ന് കേന്ദ്രം അറിയിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശം വരുന്നതനുസരിച്ച് 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്. ഇതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും സംസ്ഥാനം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരത്ത് 1,38,000 ഡോസ് വാക്സിനുകളും എറണാകുളത്ത് 1,59,500 ഡോസ് വാക്സിനുകളും, കോഴിക്കോട് 1,09,000 ഡോസ് വാക്സിനുകളുമാണ് എത്തുന്നത്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് തൊട്ടടുത്ത പ്രദേശത്ത് വാക്സിന്‍ എടുക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ ഒരുക്കുന്നതാണ്. 300 ഓളം സ്വകാര്യ ആശുപത്രികളില്‍ വാക്സിന്‍ എടുക്കുവാനുള്ള സൗകര്യം ഒരുക്കി വരുന്നതായും മന്ത്രി പറഞ്ഞു. രജിസ്റ്റര്‍ ചെയ്തിട്ട് എന്തെങ്കിലും കാരണത്താല്‍ വാക്സിന്‍ എടുക്കാന്‍ കഴിയാതെ പോയ ആരോഗ്യ പ്രവര്‍ത്തകര്‍ ഫെബ്രുവരി 27ന് മുമ്പായും കോവിഡ് മുന്നണി പോരാളികളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ആദ്യ ഡോസ് മാര്‍ച്ച് ഒന്നിന് മുമ്പായും എടുക്കേണ്ടതാണ്. വാക്സിനേഷന്‍ വേഗത്തിലാക്കാന്‍ കേന്ദ്രങ്ങളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. ഇന്ന് 611 വാക്സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.
വാക്സിനേഷന്‍ പ്രക്രിയ അവലോകനം ചെയ്യുന്നതിന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗം അവലോകനം ചെയ്തു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വരെ 3,38,534 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്സിന്‍ സ്വീകരിച്ചു. അതില്‍ 71,047 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്.
content highlights: preparations for vaccination of persons over 60 years of age started says, health minister