ലക്ഷദ്വീപിലെ സ്കൂളുകളില്‍ നിന്നും കരാർ അടിസ്ഥാനത്തിൽ നിയമിച്ച അധ്യാപകരെ മുന്നറിയിപ്പില്ലാതെ പിരിച്ച് വിടുന്നു

arts and sports teachers fired from schools in lakshadweep

ലക്ഷദ്വീപിലെ സ്കൂളുകളില്‍ നിന്ന് കലാ,കായിക അധ്യാപകരെ മുന്നറിയിപ്പില്ലാതെ പിരിച്ചു വിടുന്നു. ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടര്‍ രാകേഷ് സിംഗാള്‍ ഒപ്പുവെച്ച ഉത്തരവ് പ്രകാരം സമഗ്ര ശിക്ഷക്ക് കീഴില്‍ കരാറടിസ്ഥാനത്തില്‍ നിയമിതരായ കലാ കായിക അധ്യാപകരെയാണ് മുന്നറിയിപ്പില്ലാതെ പിരിച്ചു വിടുന്നത്. പരീക്ഷ അടുത്തിരിക്കെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായി കലാ,കായിക അധ്യാപകരുടെ സേവനം ആവശ്യമില്ലെന്നാണ് വിശദീകരണം.

മാര്‍ച്ച് മാസത്തില്‍ ഫൈനല്‍ പരീക്ഷ തീരുമാനിച്ച സാഹചര്യത്തില്‍ ഇനി കലാ, കായിക അധ്യാപകരുടെ സേവനം ആവശ്യമില്ലെന്നും ഇന്ന് മുതല്‍ ഈ അധ്യാപകര്‍ക്ക് ശമ്പളമുണ്ടാവില്ലെന്നുമാണ് ഉത്തരവില്‍ പറയുന്നത്. ഫെബ്രുവരി 28ന് പുറത്തുവന്ന ഉത്തരവ് പ്രകാരം മാര്‍ച്ച് ഒന്നു മുതല്‍ തന്നെ നിരവധി പേര്‍ തൊഴില്‍ രഹിതരാകുന്ന വിചിത്രമായ നടപടിയാണ് ലക്ഷദ്വീപ് ഭരണകൂടം കൈക്കൊണ്ടത്. വിവിധ ദ്വീപുകളില്‍ നിന്നായി 23 അധ്യാപകര്‍ തൊഴില്‍ രഹിതരാകും. 

സമീപ കാലത്തായി ദ്വീപ് ഭരണകൂടം നടപ്പിലാക്കുന്ന ജനവിരുദ്ധ പരിഷ്കാരങ്ങളുടെ തുടര്‍ച്ച മാത്രാമാണിതെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. മുഴുവന്‍ ദ്വീപുകളിലുമുള്ള സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും സമഗ്ര ശിക്ഷാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കി കഴിഞ്ഞു. 

Content Highlights; arts and sports teachers fired from schools in lakshadweep