ബാഴ്‍സലോണ ക്ലബ്ബിന്റെ മുൻ പ്രസിഡന്റ് ജോസഫ് മരിയ ബർതോമ്യു അറസ്റ്റിൽ

Police arrest Josep Maria Bartomeu after raid on Barcelona's Camp Nou

ബാഴ്‍സലോണ ക്ലബ്ബിന്റെ മുൻ പ്രസിഡന്റ് ജോസഫ് മരിയ ബർതോമ്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാഴ്‍സയുടെ ആസ്ഥാനമായ നൂകാംപിൽ നടന്ന വ്യാപക റെയ്ഡിന് ഒടുവിലാണ് മുൻ പ്രസിഡന്റിനെ സ്പാനിഷ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്ലബ് നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് സൂപ്പര്‍ താരം ലിയോണല്‍ മെസി ബാഴ്സ വിടാന്‍ ഒരുങ്ങിയതിനെത്തുടര്‍ന്നാണ് ബര്‍തോമ്യുവിന് പ്രസിഡന്‍റ് സ്ഥാനം രാജിവെക്കേണ്ടി വന്നത്.

ക്ലബ് പ്രസിഡന്റായിരിക്കെ ബർതോമ്യുവിനെതിരെ സംസാരിച്ച താരങ്ങൾക്കെതിരെ പി.ആർ ഏജൻസിയെ വച്ച് ക്യാംപയിൻ നടത്തിയതുമായി ബന്ധപ്പെട്ട ‘ബാഴ്സഗേറ്റ്’ വിവാദത്തിലാണ് റെയ്ഡും അറസ്റ്റുകളുമെന്നാണ് വിവരം. ബർതോമ്യുവിനു പുറമെ മറ്റു ചിലരെയും അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സ്‌പാനിഷ്‌ റേഡിയോ സ്റ്റേഷനായ കദേന എസ്ഇആർ ബാഴ്സഗേറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിടുന്നത്.

ക്ലബ് നേതൃത്വത്തിനെതിരെ വിമർശനമുന്നയിക്കുന്ന ലയണൽ മെസിയടക്കമുള്ള താരങ്ങളെ സോഷ്യൽ മീഡിയയിൽ മോശമായി ചിത്രീകരിക്കാൻ വേണ്ടി ഒരു കമ്പനിക്ക് പണം നൽകിയെന്ന വാർത്ത പക്ഷെ ബാഴ്‌സലോണ നേതൃത്വം നിഷേധിച്ചിരുന്നു. ‘ബാഴ്സഗേറ്റ്’ ക്ലബിൽ നടന്ന അഴിമതിയുമായി ബന്ധപ്പെട്ടതാണെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. അഴിമതിയാരോപണവും ക്ലബ് നേതൃത്വത്തിന്റെ കെടുകാര്യസ്ഥതക്കെതിരായ വിമർശനവും ശക്തമായതിനെ തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ ബാർട്ടമോ അടക്കമുള്ള ബാഴ്‌സലോണ ബോർഡംഗങ്ങൾ രാജി വെച്ചിരുന്നു.

Content Highlights; Police arrest Josep Maria Bartomeu after raid on Barcelona’s Camp Nou