കാണാതായ പന്ത്രണ്ടുകാരിയുടെ മൃതദേഹം വീടിനു സമീപം കുഴിച്ചിട്ട നിലയില്‍; 22കാരന്‍ അറസ്റ്റില്‍

Body Of Missing UP Girl, 12, Found In Pit, Accused Arrested In Shimla

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയില്‍ ആറു ദിവസം മുമ്പ് കാണാതായ പന്ത്രണ്ടുകാരിയുടെ മൃതദേഹം സമീപവാസിയുടെ വീട്ടിനു സമീപം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഫെബ്രുവരി 25 നാണ് പെണ്‍കുട്ടിയെ കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് 22കാരനായ ഹരേന്ദ്രയെ ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ പെണ്‍കുട്ടിയെ കാണാതായ ദിവസം നാട്ടിലേക്കു മുങ്ങിയിരുന്നു. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന ശേഷം കുഴിച്ചിട്ടതാകാമെന്നാണു പൊലീസിന്റെ നിഗമനം. 

പാടത്ത് കുടുംബാംഗങ്ങള്‍ക്കൊപ്പം പണിയെടുത്തിരുന്ന പെണ്‍കുട്ടി ദാഹിച്ചപ്പോള്‍ വെള്ളം കുടിക്കാനായി വീട്ടിലേക്കു മടങ്ങിയതാണ്. പിന്നീട് അവളെ കാണാതായി. പലയിടത്തും തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. വൈകിട്ട് വീണ്ടും പാടത്ത് എത്തിയപ്പോള്‍ മദ്യപിച്ചു ബോധമില്ലാത്ത ഒരാളെ കണ്ടെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മൂന്നു ദിവസത്തോളം തിരച്ചില്‍ നടത്തിയ ശേഷം ഫെബ്രുവരി 28നാണ് മകളെ കാണാനില്ലെന്നു മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.

പൊലീസ് സഹായത്തോടെ ഗ്രാമീണര്‍ കുട്ടിക്കായി അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയ വീട്ടില്‍ അടുത്തിടെ കുഴി നിർമിച്ചതായി ശ്രദ്ധയില്‍ പെട്ടത്. പിന്നീട് ഈ കുഴിയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ വീടിന്റെ ഉടമസ്ഥനെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ മകനെയാണ് ഷിംലയില്‍ നിന്ന്  അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് സാഹചര്യത്തെളിവുകളില്‍ നിന്ന് വ്യക്തമാണെന്നും പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്രകുമാര്‍ പറഞ്ഞു.

content highlights: Body Of Missing UP Girl, 12, Found In Pit, Accused Arrested In Shimla