വിദേശ പൗരത്വമുള്ള ഇന്ത്യക്കാർക്ക് ഇനി മാധ്യമപ്രവർത്തനത്തിനും മതപ്രവർത്തനത്തിനും അനുമതി വേണം

OCI cardholders require prior permission for research, journalism

വിദേശ പൗരത്വമുള്ള ഇന്ത്യക്കാർക്ക് തബ്‌ലീഗ് സമ്മേളനങ്ങളിൽ പങ്കെടുക്കാനും രാജ്യത്തുവന്ന് മിഷനറി പ്രവർത്തനങ്ങൾ, പത്രപ്രവർത്തനവുമായി ബന്ധപ്പെട്ട ജോലികൾ എന്നിവ ചെയ്യാനും സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങണമെന്ന് ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടു. ഒ.സി.ഐ. കാർഡുള്ളവർക്ക് എത്രപ്രാവശ്യം ഇന്ത്യയിൽ വന്നുപോകുന്നതിനും തടസ്സമില്ല. അതിന് മുഴുവൻകാല വിസ നൽകും. എന്നാൽ മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾക്കും ഗവേഷണത്തിനും വരുന്നവർ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ബന്ധപ്പെട്ട ഓഫീസിൽ നിന്നോ വിദേശത്തുള്ള ഇന്ത്യൻ എംബസികളിൽ നിന്നോ പ്രത്യേകാനുമതി വാങ്ങണം. 

ഇന്ത്യയിലുള്ള വിദേശ നയതന്ത്ര ഓഫീസുകൾ, വിദേശ സർക്കാരുകളുടെ ഇന്ത്യയിലെ ഓഫീസുകൾ എന്നിവയിൽ ജോലി ചെയ്യാനും വിദേശത്തെ ഇന്ത്യൻ എംബസികളിൽ ഇന്റേൺഷിപ്പ് ചെയ്യാനും പ്രത്യേകാനുമതി വാങ്ങേണ്ടതുണ്ട്. ഒ.സി.ഐ. കാർഡുടമകൾ ഇന്ത്യയിൽ ഫോറിനേഴ്‌സ് രജിസ്‌ട്രേഷൻ ഓഫീസിലോ മേഖലാ ഓഫീസുകളിലോ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി. ആഭ്യന്തര വിമാന ടിക്കറ്റുകൾ, ദേശീയോദ്യാനങ്ങൾ, സ്മാരകങ്ങൾ, മ്യൂസിയങ്ങൾ തുടങ്ങിയവയുടെ പ്രവേശന ടിക്കറ്റുകൾ എന്നിവയ്ക്ക് ഇന്ത്യക്കാരിൽ നിന്ന് ഈടാക്കുന്ന നിരക്ക് മാത്രമേ ഒ.സി.ഐ. കാർഡുകാരിൽ നിന്ന് ഈടാക്കാവൂ. അവർക്ക് ഇന്ത്യയിൽ വസ്തുക്കൾ വാങ്ങാനും വിവിധ ജോലികൾ ചെയ്യാനുമുള്ള അവകാശം തുടരും.

content highlights: OCI cardholders require prior permission for research, journalism