ഇറാഖ് സമാധാനത്തിന്റെ പാതയിലേക്ക് തിരിച്ചുവരണം: ഫ്രാന്‍സിസ് മാര്‍പാപ്പ ബാഗ്ദാദിൽ

Pope arrives in Iraq to rally Christians despite pandemic

അക്രമവും തീവ്രവാദവും അവസാനിപ്പിച്ച് ഇറാഖ് സമാധാനത്തിന്റെ പാതയിലേക്ക് തിരിച്ചുവരണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മൂന്ന് ദിവസത്തെ ചരിത്ര സന്ദര്‍ശനത്തിനായി ഇന്നലെയാണ് മാര്‍പാപ്പ ബാഗ്ദാദിലെത്തിയത്. കൊവിഡ് യുദ്ധ ഭീഷണികള്‍ക്കിടയിലെ മാര്‍പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തെ അതീവ പ്രധാന്യത്തോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കികാണുന്നത്. മാര്‍പാപ്പയ്ക്ക് സുരക്ഷയൊരുക്കാന്‍ 10,000 സൈനികരെയാണ് ഇറാഖ് സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളത്.

പ്രാദേശിക സമയം ഇന്നലെ ഉച്ചക്ക് രണ്ടിന് ബാഗ്ദാദിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഊഷ്മള സ്വീകരണമാണ് ഇറാഖ് ഒരുക്കിയത്. വൈകിട്ട് പ്രസിഡന്റിന്റെ കൊട്ടാരത്തിലെത്തിയ മാര്‍പാപ്പ ഇറാഖ് പ്രസിഡന്റ് ബര്‍ഹം സാലിഹുമായും പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിയുമായി കൂടിക്കാഴ്ച്ച നടത്തി. തുടര്‍ന്ന് ബഗ്ദാദിലെ രക്ഷാമാതാവിന്റെ കത്തീഡ്രലില്‍ വിശ്വാസ സമൂഹം മാര്‍പാപ്പയെ സ്വീകരിച്ചു.

ഇന്ന് നജഫിലേക്കു പോകുന്ന മാര്‍പാപ്പ ഷിയാ ആത്മീയാചാര്യന്‍ ആയത്തുല്ല അല്‍ സിസ്താനിയെ സന്ദര്‍ശിക്കും. തുടര്‍ന്ന് നാസിരിയ്യയിലേക്കു പോയി ഉറിലെ സര്‍വമതസമ്മേളനത്തിലും സംബന്ധിക്കും. വൈകിട്ട് ബഗ്ദാദില്‍ തിരിച്ചെത്തി സെന്റ് ജോസഫ് കല്‍ദായ കത്തീഡ്രലില്‍ കുര്‍ബാന അര്‍പ്പിക്കും. നാളെ രാവിലെ ഇര്‍ബിലിലേക്കു പോകുന്ന മാര്‍പാപ്പ ഹെലികോപ്റ്ററില്‍ മൊസൂളില്‍ സന്ദര്‍ശനം നടത്തും. തിങ്കളാഴ്ച രാവിലെ മാര്‍പാപ്പ വത്തിക്കാനിലേക്ക് മടങ്ങും.

content highlights: Pope arrives in Iraq to rally Christians despite pandemic