പി. ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം; സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡൻ്റ് രാജിവെച്ചു

പി. ജയരാജന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ രാജി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാറാണ് സ്ഥാനം രാജിവച്ചത്. ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണെന്ന് ധീരജ് കുമാര്‍ പ്രതികരിച്ചു. ജില്ലയുടെ പല ഭാഗത്ത് നിന്ന് ഇത്തരം പ്രതിഷേധം ഉയര്‍ന്നുവരുമെന്നും  മാനദണ്ഡം ബാധകമാക്കുന്നെങ്കില്‍ എല്ലാവര്‍ക്കും ബാധകമാക്കണമെന്നും ധീരജ് പറഞ്ഞു.

നേരത്തെ പി ജയരാജന്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അഴിക്കോട് സീറ്റ് ജയരാജന് നല്‍കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ജില്ലാ കമ്മിറ്റി കൊടുത്ത പട്ടികയില്‍ ജയരാജന്റെ പേരില്ലെന്നാണ് സൂചന. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും പി ജയരാജന്റെ പേര് ഉയര്‍ന്നിരുന്നില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ പി ജയരാജന്‍ മത്സരിച്ചിരുന്നു.

തുടര്‍ച്ചയായി രണ്ട് തവണ സഭയിലെത്തിയവരെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചതോടെ ഒറ്റയടിക്ക് 22 എംഎല്‍എമാരാണ് പട്ടികയ്ക്ക് പുറത്തായത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ക്ക് ഇളവ് നല്‍കേണ്ടെന്ന് ആദ്യം തീരുമാനിച്ചെങ്കിലും അതില്‍ ഇളവ് നല്‍കാന്‍ സംസ്ഥാന സമിതി തീരുമാനിച്ചു. ഇതനുസരിച്ച് കെ.എന്‍ ബാലഗോപാല്‍ (കൊട്ടാരക്കര) വി.എന്‍ വാസവന്‍ (ഏറ്റുമാനൂര്‍), പി രാജീവ് (കളമശ്ശേരി), എം.ബി രാജേഷ് (തൃത്താല) എന്നിവര്‍ക്ക് ഇളവ് നല്‍കി മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ വടകരയില്‍ മത്സരിച്ച പി ജയരാജന് ഈ ഇളവ് നല്‍കിയതുമില്ല. അതേ സമയം പി ജയരാജന്റെ സഹോദരി പി സതീദേവിയുടെ പേര് കൊയിലാണ്ടി മണ്ഡലത്തിലെ കരട് പട്ടികയിലുണ്ട്.

content highlights: protest in CPM for P Jayarajan