സിമി ബന്ധം ആരോപിച്ച് 127 നിരപരാധികളെ ഇരുപത് വർഷം നിയമക്കുരുക്കിലാക്കിയത് നീതി ന്യായ സംവിധാനത്തിന്റെ പരാജയമെന്ന് ജിഗ്നേഷ് മേവാനി

jignesh mevani on simi case

സിമി ബന്ധം ആരോപിച്ച് 127 നിരപരാധികളെ ഇരുപത് വർഷം നിയമക്കുരുക്കിലാക്കിയത് നീതി ന്യായ സംവിധാനത്തിന്റെ പരാജയമാണെന്ന് ആക്ടിവിസ്റ്റും ഗുജറാത്ത് എംഎൽഎയുമായ ജിഗ്നേഷ് മേവാനി. അവർക്ക് നഷ്ടമായ 20 വർഷത്തെ കുറിച്ച് ആലോചിച്ച് തന്റെ ഹൃദയം തകർന്നുപോകുന്നുവെന്നും ട്വിറ്ററിൽ മേവാനി വ്യക്തമാക്കി.

‘2001ൽ സിമി അംഗങ്ങൾ എന്നാരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റു ചെയ്തവരെ 20 വർഷത്തിന് ശേഷം ഗുജറാത്ത് കോടതി വിട്ടയച്ചിരിക്കുകയാണ്. അവർക്ക് നഷ്ടപ്പെട്ട 20 വർഷത്തെ കുറിച്ച് ആലോചിച്ച് എന്റെ ഹൃദയം നുറുങ്ങുന്നു. ആ കാലം അവർക്ക് തിരിച്ചുകിട്ടില്ല. പരാജയപ്പെട്ട നീതിന്യായ സംവിധാനത്തിന് എല്ലാ നന്ദിയും’ – എന്നാണ് ജിഗ്നേഷ് കുറിച്ചത്. പ്രശാന്ത് ഭൂഷൺ അടക്കമുള്ളവർ ട്വീറ്റ് പങ്കുവച്ചു. പ്രതികൾ നിയമവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും സിമിയുടെ പ്രവർത്തകരാണെന്നതിന് തെളിവില്ലെന്നും നിരീക്ഷിച്ചാണ് 127 പ്രതികളെയും സൂറത്ത് ചീഫ് മജിസ്ട്രേട്ട് ജഡ്ജി എ.എൻ ധവെ വെറുതെ വിട്ടത്.

2001 ലാണ് കേസിനാസ്പദമായ സംഭവം. സൂറത്തിലെ രാജശ്രീ ഹാളിൽ സെമിനാറിൽ പങ്കെടുക്കാനെത്തിയവരെ സിമി പ്രവർത്തകരാണെന്ന് ആരോപിച്ച് ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആൾ ഇന്ത്യ മൈനോറിറ്റീസ് എഡ്യുക്കേഷണൽ ബോഡ് വിളിച്ചുചേർത്ത യോഗം സിമിയുടെ രഹസ്യ യോഗമാണെന്നും രാജ്യദ്രോഹപ്രവർത്തനം ലക്ഷ്യമിട്ടിരുന്നുവെന്നും പൊലീസ് ആരോപിച്ചു. തുടർന്ന് കുറ്റാരോപിതർക്ക് മേൽ പൊലീസ് യു.എ.പി.എയും ചുമത്തി. ശേഷം പതിനൊന്ന് മാസങ്ങൾക്കിപ്പുറമാണ് ഗുജറാത്ത് ഹൈകോടതി ഇവർക്ക് ജാമ്യം അനുവദിച്ചത്.

Content Highlights; jignesh mevani on simi case