യാത്രക്കാരെ സ്വീകരിക്കാനൊരുങ്ങി പാലാരിവട്ടം പാലം; ഇന്ന് വൈകിട്ടോടെ തുറന്ന് നൽകും

; palarivattom flyover

പുനർ നിർമ്മിച്ച പാലാരിവട്ടം മേൽപാലം ഇന്ന് വൈകിട്ട് നാല് മണിക്ക് തുറന്ന് നൽകും. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ചടങ്ങുകൾ ഉണ്ടാകില്ല. അഞ്ച് മാസം കൊണ്ട് നിർമ്മിച്ച പാലമെന്ന ഖ്യാതിയോടൊപ്പം സിഗ്നലില്ലാത്ത ജംഗ്ഷനെന്ന നേട്ടവും പാലാരിവട്ടത്തിന് സ്വന്തമാകും.

പാലത്തിന്‍റെ അവാസന മിനുക്ക് പണികൾ ഇന്നലെ രാത്രിയോടെ പൂ‍ർത്തിയായി. പാലാരിവട്ടത്തെ ആദ്യ പാലം നിർമ്മിക്കാൻ 28 മാസങ്ങളാണ് വേണ്ടി വന്നതെങ്കിൽ വെറും 5 മാസവും 10 ദിവസവുമെടുത്താണ് ഡിഎംആർസിയും ഊരാളുങ്കൽ ലേബർ സൊസൈറ്റിയും ചേർന്ന് പാലം പുനർ നിർമ്മിച്ചത്. ഉദ്ഘാടനമില്ലെങ്കിലും മന്ത്രി ജി സുധാകരനും ഉദ്യോഗസ്ഥരും ആദ്യ ദിവസത്തെ യാത്രയിൽ പങ്കാളികളാകും.

പാലം തുറക്കുമ്പോൾ ട്രാഫിക്ക് സിഗ്നൽ ഇല്ലാത്ത ഗതാഗത ക്രമീകരണമായിരിക്കും പാലത്തിനടിയിലൂടെ ഉണ്ടാവുക. ഇപ്പോൾ പാലത്തിന് രണ്ടറ്റത്തുമായി ക്രമീകരിച്ചിരുക്കുന്ന യൂടേൺ പാലത്തിന്‍റെ 2 സ്പാനുകൾക്കടിയിലൂടെ പുനക്രമീകരിക്കും. സ്പാനുകൾക്കടിയിലൂടെ വാഹനങ്ങൾക്ക് കടന്ന് പോകാൻ വേണ്ട വീതിയും ഉയരവും ഉണ്ട്.

Content Highlights; palarivattom flyover