പുനർ നിർമിച്ച പാലാരിവട്ടം മേൽപാലം ഗതാഗതത്തിനായി തുറന്ന് നൽകി

; palarivattom flyover

പുനർനിർമിച്ച പാലാരിവട്ടം മേൽപാലം ഗതാഗതത്തിനായി തുറന്ന് നൽകി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഉദ്ഘാടന ചടങ്ങുകൾ ഉണ്ടായിരുന്നില്ല. പുനർനിർമ്മാണത്തിന് എട്ട് മാസം കാലാവധി നിശ്ചയിച്ചിരുന്ന പദ്ധതി അഞ്ചരമാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. 41 കോടി 70 ലക്ഷം രൂപ ചിലവിട്ട് ഉമ്മന്‍ചാണ്ടി സര്‍‌ക്കാരിന്‍റെ കാലത്ത് നിര്‍മിച്ച പാലാരിവട്ടം പാലത്തില്‍ ഉദ്ഘാടനം നടത്തി ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു. പിന്നീട് മദ്രാസ് ഐ.ഐ.ടിയും ഇ ശ്രീധരന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയും അടക്കം നടത്തിയ പരിശോധനയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തി. 2019 മെയ് 1ന് പാലത്തിലൂടെയുളള ഗതാഗതം നിരോധിക്കുകയായിരുന്നു.

സുപ്രീംകോടതിയുടെ അനുമതിയോടെ 2020 സെപ്തംബര്‍ 28ന് പാലത്തിന്‍റെ പുനര്‍നിര്‍മാണം ആരംഭിച്ചു. ഡി.എം.ആർ.സിയെ നിർമാണ ചുമതല എൽപ്പിച്ച പാലത്തിന്‍റെ കരാര്‍ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിക്കായിരുന്നു. 160 ദിവസം കൊണ്ടാണ് ഊരാളുങ്കല്‍ പാലം പണി പൂർത്തിയാക്കിയത്. പാലത്തിന്‍റെ 19 സ്പാനുകളിലും 17 എണ്ണം മാറ്റി സ്ഥാപിച്ചു. പിയറുകളും പിയര്‍ ക്യാപുകളും ബലപ്പെടുത്തി. ജോലി ആരംഭിച്ച നാള്‍ മുതല്‍ ഒരു ദിവസം പോലും പണി മുടക്കാതെയാണ് നിശ്ചിത സമയത്തിനു മുമ്പ് നിർമാണം പൂര്‍ത്തിയാക്കിയത്.

Content Highlights; palarivattom flyover open