സംവരണ വിധി പുനപരിശോധിക്കാം; സംസ്ഥാനങ്ങൾക്ക് നോട്ടീസയച്ച് സുപ്രീം കോടതി

സര്‍ക്കാര്‍ ജോലിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സംവരണം അന്‍പതു ശതമാനമായി നിജപ്പെടുത്തിയ ഉത്തരവ് പുനപ്പരിശോധിക്കാമെന്ന് സുപ്രീം കോടതി. മഹാരാഷ്ട്രയിലെ മറാത്താ സംവരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക നടപടി. നിലവിലുള്ള 50 ശതമാനം എന്ന പരിധിക്കു മേല്‍ സംവരണം അനുവദിക്കുന്നത് സംബന്ധിച്ച് അഭിപ്രായം അറിയിക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നോട്ടീസ് നല്‍കി.

മാര്‍ച്ച് 15 മുതല്‍ ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എല്‍ നാഗേശ്വര റാവു, എസ് അബ്ദുള്‍ നസീര്‍, ഹേമന്ത് ഗുപ്ത, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് കേസില്‍ വാദം കേള്‍ക്കും. സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം അന്‍പതു ശതമാനമായി നിജപ്പെടുത്തിക്കൊണ്ട് 1992ലാണ് ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. അതേസമയം സംവരണവുമായി ബന്ധപ്പെട്ട വിഷയം ഒരു സംസ്ഥാനത്തിനു മാത്രം ബാധകമായ ഒന്നല്ലെന്ന് മറാത്താ സംവരണ കേസ് പരിഗണിച്ചുകൊണ്ട് കോടതി പറഞ്ഞു.

മറ്റു സംസ്ഥാനങ്ങള്‍ക്കു പറയാനുള്ളതും കേള്‍ക്കട്ടെ. വിശാലമായ സാധ്യതകളുള്ളതാണ് ഈ വിഷയമെന്ന് കോടതി അഭിപ്രായപ്പെട്ടു. സമീപകാലത്തെ ഭരണഘടനാ ഭേദഗതികളും സാമൂഹ്യ സാമ്പത്തിക മാറ്റങ്ങളും കണക്കിലെടുത്ത് പുനഃപരിശോധന സാധ്യമാണെന്ന് സുപ്രീം കോടതി അറിയിച്ചു. സാമൂഹ്യവും വിദ്യാഭ്യാസപരവുമായപിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള മഹാരാഷ്ട്ര സ്റ്റേറ്റ് റിസര്‍വേഷന്‍ നിയമത്തിന്റെ സാധുത ശരിവെച്ച ബോംബെ ഹൈക്കോടതിയുടെ വിധിന്യായത്തിനെതിരെ സമര്‍പ്പിച്ച അപ്പീലുകള്‍ സുപ്രീംകോടതി പരിഗണിച്ചു. 

content highlights: ’50 percent cap on the reservation could be re-examined,’ says SC; issues notice to states/UTs