ഇരയെ വിവാഹം കഴിക്കാന്‍ പോക്‌സോ കേസ് പ്രതിയോട് നിര്‍ദേശിച്ചിട്ടില്ല; ചീഫ് ജസ്റ്റിസ് ബോബ്‌ഡെ

പോക്‌സോ കേസിലെ പ്രതിയോട് ഇരയെ വിവാഹം കഴിക്കാമോയെന്ന് ചോദിച്ചിട്ടില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. കോടതിയില്‍ വാക്കാല്‍ നടത്തിയ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്ത്രീക്ക് ഉയര്‍ന്ന ബഹുമാനമാണ് സുപ്രീംകോടതി എല്ലായ്‌പ്പോഴും നല്‍കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ബലാത്സംഗ കേസ് പരിഗണിക്കവെ നിങ്ങള്‍ അവരെ വിവാഹം ചെയ്യണമെന്ന നിര്‍ദേശം കോടതി വെച്ചിട്ടില്ല. നിങ്ങള്‍ അവരെ വിവാഹം ചെയ്യാന്‍ പോകുകയാണോ എന്നാണ് കോടതി പ്രതിയുടെ അഭിഭാഷകനോട് ചോദിച്ചത്. ഇതിനെ മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

 മഹാരാഷ്ട്രയില്‍ നിന്നുള്ള ബലാത്സംഗ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ആഴ്ച പരിഗണിക്കവെയാണ് ഇരയെ വിവാഹം കഴിക്കാമോ എന്ന് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ ചോദിച്ചത്. തുടർന്ന് സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസിനുമെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യത്തില്‍ വീശദീകരണം നല്‍കിയത്. ബലാത്സംഗ കേസില്‍ ഇരയായ 14വയസുകാരിയുടെ ഗര്‍ഭം അലസിപ്പിക്കുന്നതിന് അനുമതി തേടിയുള്ള മറ്റൊരു ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു എസ്.എ ബോബ്‌ഡെയുടെ വിശദീകരണം.

ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശത്തിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അഭിപ്രായപ്പെട്ടു. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി എടുത്ത് നല്‍കുന്ന തെറ്റായ വ്യാഖ്യാനങ്ങള്‍ കാരണം അര്‍ത്ഥം തന്നെ മാറിപ്പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

content highlights: ‘Will You Marry Rape Victim?’ Remarks Misreported; Court Has Highest Respect For Womanhood says CJI Bobde