കൊല്‍ക്കത്തയില്‍ റെയില്‍വേ കെട്ടിടത്തിൽ തീപിടിത്തം; ഒമ്പത് മരണം

9 die in Kolkata building fire; CM, PM Modi announce ex gratia for kin of victims

പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ റെയില്‍വേയുടെ കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ ഒമ്പതു പേര്‍ മരിച്ചു. നാല് അഗ്നിശമന സേനാംഗങ്ങൾ, രണ്ട് ആർ‌.പി.‌എഫ് ജവാൻമാർ, കൊൽക്കത്ത പൊലീസ് എ‌.എസ്‌.ഐ എന്നിവരടക്കം 9 പേരാണ് തീപ്പിടിത്തത്തില്‍ മരിച്ചതെന്ന് പശ്ചിമബംഗാള്‍ മന്ത്രി സുജിത് ബോസ് അറിയിച്ചു. സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ സ്ട്രാന്‍ഡ് റോഡിലെ ന്യൂ കൊയ്‌ലാഘട്ട് ബില്‍ഡിംഗിലാണ് തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് വന്‍ തീപ്പിടിത്തമുണ്ടായത്.

കെട്ടിടത്തിന്‍റെ 13-ാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. ഈസ്റ്റേണ്‍ റെയില്‍വേയും സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയും സംയുക്തമായി ഉപയോഗിക്കുന്ന ഓഫീസ് കെട്ടിടമാണ് ഇത്. കൊല്‍ക്കത്ത കമ്മീഷണര്‍ സുമന്‍ മിത്ര, മന്ത്രി സുജിത് ബോസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മുഖ്യമന്ത്രി മമതാ ബാനര്‍ജി സംഭവ സ്ഥലം സന്ദര്‍ശിച്ചു. സംഭവം ഞെട്ടലുളവാക്കുന്നതാണെന്നും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും മമത പറഞ്ഞു. പ്രധാന മന്ത്രി സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

Content Highlights; 9 die in Kolkata building fire; CM, PM Modi announce ex gratia for kin of victims