വാളയാർ പെൺകുട്ടികളുടെ അമ്മ നയിക്കുന്ന നീതിയാത്ര കാസർകോട് നിന്ന് ആരംഭിച്ചു. കാസർകോട് നിന്ന് പാറശ്ശാല വരെയാണ് നീതിയാത്ര. കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് പെൺകുട്ടികളുടെ അമ്മയുടെ ആവശ്യം. മക്കൾക്കും സ്ത്രീകൾക്കും സുരക്ഷയില്ലെങ്കിൽ എന്തിന് ഭരണമെന്ന് പെൺകുട്ടികളുടെ അമ്മ ചോദിച്ചു.
വാളയാർ നീതി സമര സമിതിയുടെ ആഭിമുഖ്യത്തിലാണ് നീതിയാത്ര. സി ആർ നീലകണ്ഠൻ, വിളയോടി വേണുഗോപാൽ അടക്കമുള്ള സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകർ ജാഥയിൽ പങ്കെടുക്കും. കഴിഞ്ഞ ദിവസം തലമുണ്ഡനം ചെയ്തുള്ള അമ്മയുടെ പ്രതിഷേധം വലിയ തോതിൽ ശ്രദ്ധ നേടിയിരുന്നു.
വാളയാർ കേസ് അട്ടിമറിച്ചെന്ന് സമരസമിതി ആരോപിക്കുന്ന ഡിവൈഎസ്പി സോജൻ, എസ് ഐ ചാക്കോ എന്നിവർക്കെതിരെ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് തന്നെ നടപടി എടുത്തില്ലെങ്കിൽ തല മുണ്ഡനം ചെയ്യുമെന്നായിരുന്നു വാളയാർ പെൺകുട്ടികളുടെ അമ്മ പ്രഖ്യാപിച്ചിരുന്നത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെയാണ് പെൺകുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തത്.
Content Highlights; walayar girls mother neethyathra started