നഷ്ടപരിഹാരം; മരട് ഫ്‌ളാറ്റ് കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും

marad flat case

മരട് ഫ്‌ളാറ്റ് കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഫ്‌ളാറ്റുടമകള്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരത്തിന്റെ പകുതിത്തുക കെട്ടിവയ്ക്കാന്‍ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് കഴിഞ്ഞതവണ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ജസ്റ്റിസുമാരായ നവീന്‍ സിന്‍ഹ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് മരട് ഫ്‌ളാറ്റുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത്. പൊളിച്ചു മാറ്റിയ ഫ്‌ളാറ്റുകളുടെ ഉടമകള്‍ക്ക് നല്‍കാനുള്ള നഷ്ട പരിഹാരത്തിന്റെ പകുതിത്തുക കെട്ടിവയ്ക്കാന്‍ കെട്ടിട നിര്‍മാതാക്കള്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു.

നേരത്തെ കണ്ടു കെട്ടിയ വസ്തുക്കള്‍ വില്‍ക്കാന്‍ അനുമതി നല്‍കണമെന്ന കെട്ടിട നിര്‍മാതാക്കളുടെ ആവശ്യം അതിന് ശേഷം പരിഗണിക്കാമെന്നാണ് കോടതി നിലപാട്. ഇക്കാര്യത്തില്‍ കെട്ടിട നിര്‍മാതാക്കള്‍ സ്വീകരിച്ച നടപടികള്‍ കോടതി ഇന്ന് ആരാഞ്ഞേക്കും. പകുതി തുകയെങ്കിലും കെട്ടി വച്ചില്ലെങ്കില്‍ കൂടുതല്‍ സ്വത്തുക്കള്‍ കണ്ടു കെട്ടാന്‍ ഉത്തരവിടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പൊളിച്ചു മാറ്റിയ ഫ്‌ളാറ്റുകളുടെ ഉടമകള്‍ക്ക് 25 ലക്ഷം രൂപ വീതം ആകെ 62.25 കോടി രൂപ നഷ്ട പരിഹാരമായി നല്‍കിയെന്നും, ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ 3.60 കോടിയില്‍പ്പരം രൂപ ചെലവായെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍, അഞ്ച് കോടിയില്‍പ്പരം രൂപ മാത്രമാണ് നിര്‍മാതാക്കള്‍ ഇതുവരെ കെട്ടിവച്ചതെന്നും, ബാക്കി തുക ഈടാക്കി തരണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യം.

Content Highlights; marad flat case