നന്ദിഗ്രാമിലുണ്ടായ ആക്രമണത്തില്‍ മമതയുടെ കാലിന് ഗുരുതര പരിക്ക്; ആശുപത്രിയിലെന്ന് സഹോദര പുത്രൻ

നന്ദിഗ്രാമിൽ പ്രചരണത്തിനിടെയുണ്ടായ ആക്രമണത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് പരുക്ക് പറ്റിയെന്ന് സഹോദര പുത്രനും എംപിയുമായ അഭിഷേക് ബാനർജി. മമത ആശുപത്രിയിൽ അഡ്മിറ്റാണെന്നും രണ്ട് ദിവസം നിരീക്ഷണത്തിൽ തുടരണമെന്ന് ഡോക്ടർമാർ അറിയിച്ചു എന്നും അഭിഷേക് ബാനർജി അറിയിച്ചു. ആശുപത്രിയിൽ അഡ്മിറ്റായ മമത ബാനർജിയുടെ ചിത്രം പങ്കുവച്ചുള്ള ട്വീറ്റിലാണ് അഭിഷേകിൻ്റെ വെളിപ്പെടുത്തൽ. ‘മെയ് 2 ഞായറാഴ്ച ബംഗാൾ ജനതയുടെ കരുത്ത് കണ്ടോളൂ ബിജെപി’ എന്ന കുറിപ്പടക്കമാണ് ചിത്രം. ഇടതുകാലിൽ പ്ലാസ്റ്റർ ഇട്ടുകൊണ്ടുള്ള മമതയുടെ ചിത്രമാണ് അഭിഷേക് പങ്കുവച്ചത്

‘ഇടതുകാലിന്റെ കണങ്കാലിനാണ് ഗുരുതര പരിക്ക്. വലതു തോളെല്ലിനും കഴുത്തിലും കൈപ്പത്തിയിലും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തെത്തുടര്‍ന്ന് നെഞ്ച് വേദനയുണ്ടായെന്നും ശ്വാസതടസ്സം അനുഭവപ്പെട്ടെന്നും മമത പറഞ്ഞിരുന്നു. അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് മന്ത്രിയെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്’, എസ്.എസ്.കെ.എം ആശുപത്രിയിലെ ഡോക്ടര്‍ എം. ബന്ധ്യോപദ്ധ്യായ പറഞ്ഞു. മാര്‍ച്ച് പത്തിന് നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോകവെയാണ് മമതാ ബാനര്‍ജിക്ക് നേരെ ആക്രമണം നടന്നത്.

മമതയ്ക്ക് പരുക്കേറ്റതിൻ്റെ പശ്ചാത്തലത്തിൽ തൃണമൂൽ കോൺഗ്രസ് ഇന്ന് പ്രകടന പത്രിക പുറത്തിറക്കില്ല. മമതാ ബാനർജിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ബംഗാളിൽ വ്യാപക പ്രതിഷേധം നടന്നിരുന്നു. ആശുപത്രിയിൽ മമതയെ കാണാനെത്തിയ ഗവർണർ ജഗ്ദീപ് ദങ്കറിന് നേരെയും പ്രതിഷേധം ഉണ്ടായി.

content highlights: “Pushed By 4-5 Men”: Mamata Banerjee Injured, In Hospital