നാട്ടികയിലെ സിപിഐ സ്ഥാനാര്‍ഥി മരിച്ചതായി ബിജെപി മുഖപത്രമായ ജന്മഭൂമിയിൽ തെറ്റായ വാര്‍ത്ത. സിപിഐ സ്ഥാനാര്‍ഥി സി.സി.മുകുന്ദന്‍ മരിച്ചതായാണ് ചരമകോളത്തില്‍ ജന്മഭൂമിയില്‍ വാര്‍ത്ത വന്നത്. ജന്മഭൂമി തൃശൂര്‍ എഡിഷനിലാണ് വാര്‍ത്ത വന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പത്രത്തിന്റെ ഇ-പതിപ്പ് പിന്‍വലിച്ചിട്ടുണ്ട്. ജന്മഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഐ അറിയിച്ചു. മുകുന്ദന്റെ ചിത്രം സഹിതമാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ചരമക്കോളത്തില്‍ നല്‍കിയ വാര്‍ത്തയില്‍ സി.സി മുകുന്ദനെ കുറിച്ചുള്ള മിക്ക വിവിരങ്ങളും നല്‍കിയിട്ടുണ്ട്.
സി.സി മുകുന്ദനെതിരെ ഇത്തരത്തില്‍ വാര്‍ത്ത നല്‍കി അപമാനിച്ച ജന്മഭൂമിക്കെതിരെ പ്രതിഷേധിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നുണ്ട്. ഇടതുമുന്നണിയെ അപമാനിക്കാനായി ബിജെപി നടത്തിയ നീക്കമാണിതെന്നും പോസ്റ്റുകളില്‍ പറയുന്നു. അന്ധമായ രാഷ്ട്രീയ വൈരാഗ്യം ഒരു മാധ്യമത്തെ എത്രമാത്രം അധ:പതിപ്പിക്കും എന്നതിന്റെ ഉദാഹരണമായി ജന്മഭൂമിയും സംഘപരിവാര്‍ മാധ്യമങ്ങളും ഈ നാട്ടില്‍ ഏറെക്കാലമായി നിലനിക്കുകയാണെന്നാണ് നാട്ടിക സിപിഐ ലോക്കല്‍ കമ്മിറ്റി പ്രതികരിച്ചത്.
content highlights: Janmabhumi gives fake obituary report of ldf candidate