‘ഇത് എന്റെ അവസാന സോഷ്യല്‍ മീഡിയ പോസ്റ്റാണ്’; സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നതായി ആമീര്‍ ഖാന്‍

സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് ബോളിവുഡ് നടന്‍ ആമീര്‍ ഖാന്‍. തിങ്കളാഴ്ചയാണ് താരം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കാരണം എന്തെന്ന് വ്യക്തമാക്കിയില്ല. അമ്പത്തിയാറാം പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് സോഷ്യല്‍ മീഡിയ വിടുന്നതായി ആമിര്‍ പ്രഖ്യാപിച്ചത്. തന്റെ സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അതാത് പ്രൊഡക്ഷന്‍ ഹൗസുകളുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ പുറത്ത് വിടുമെന്നും താരം വ്യക്തമാക്കി.

പൂര്‍ണ്ണമായും തന്റെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സോഷ്യല്‍ മീഡിയ വിടുന്നതെന്നും പുതിയ ചിത്രങ്ങളെപ്പറ്റിയും ജീവിതത്തിലെ പ്രധാന വിശേഷങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആമിറിന്റെ ഏറ്റവും ഒടുവിലായി പോസ്റ്റ് ചെയ്ത സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്.

അദ്വൈത് ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ലാല്‍ സിംഗ് ഛദ്ദയാണ് ആമീര്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രം. ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദ. കരീന കപൂര്‍, മോന സിംഗ്, നാഗ ചൈതന്യ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവരും ചിത്രത്തില്‍ അതിഥി കഥപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

content highlights: Aamir Khan quits social media