ശബരിമല വിഷയത്തില്‍ എന്‍.എസ്.എസിനെതിരേ തുറന്നടിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പ്രകോപനപരമായി കാനം ഒന്നും പറഞ്ഞിട്ടില്ലെന്ന് ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു. എന്‍എസ്എസ് നാമജപഘോഷയാത്ര തുടരുന്നതില്‍ തനിക്ക് എന്തു ചെയ്യാന്‍ പറ്റുമെന്നും പിണറായി പറഞ്ഞു. കേസ് നടത്തി തോറ്റപ്പോള്‍ ജനങ്ങളെ അണിനിരത്തി സര്‍ക്കാര്‍ കുഴപ്പമാണെന്ന് പറയുന്നുവെന്നും കോടതി വിധി വരും വരെ കാത്തിരിക്കുന്നതാണ് മര്യാദയെന്നായിരുന്നു കാനം പറഞ്ഞിരുന്നത്.
ആലപ്പുഴയിലെ പുന്നപ്ര വയലാര്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ബിജെപി സ്ഥാനാര്‍ഥിയുടെ നടപടി സമാധാന അന്തരീക്ഷം തകര്‍ക്കാനാണെന്നും പിണറായി ആരോപിച്ചു. കമ്മ്യൂണിറ്റുകാരുടെ വികാരവുമായി ബന്ധപ്പെട്ട സ്ഥലത്ത് അതിക്രമിച്ച് കയറി പുഷ്പാര്‍ച്ചന നടത്തി മുദ്രാവാക്യം വിളിച്ചത് നടക്കാന്‍ പാടില്ലാത്ത സംഭവമാണ്. പ്രകോപനമുണ്ടാക്കാനാണ് ബി.ജെ.പിയുടെ ശ്രമം. എന്നാല്‍ സംയമനത്തോടെയാണ് അവിടെയുള്ളവര്‍ പെരുമാറിയതെന്നും പിണറായി തൃശൂരില്‍ പറഞ്ഞു.
എല്‍ഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രിക മറ്റ് പാര്‍ട്ടുകളുടേത് പോലെ വെറും വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്നതല്ലെന്നും പറയുന്ന കാര്യം ഗൗരവമായി നടപ്പാക്കുക എന്നതാണ് എല്‍ഡിഎഫിന്റെ സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള പ്രകടനപത്രികയാണ് എല്‍ഡിഎഫിന്റെത്. കഴിഞ്ഞ പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളില്‍ 580 എണ്ണവും സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. കോവിഡിന് എതിരായ പോരാട്ടം തുടരണം. സംസ്ഥാനങ്ങള്‍ തമ്മില്‍ അതിര്‍ത്തി അടയ്ക്കാന്‍ പാടില്ല എന്നുണ്ട്. നേരത്തെ ഇക്കാര്യം കേന്ദ്രത്തിനെ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
content highlights: CM Pinarayi Vijayan supports Kanam Rajendran’s statement on the Sabarimala issue