സംവിധായകനായി മോഹൻലാൽ; ബറോസ് ചിത്രീകരണത്തിന് തുടക്കം

നടന്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബാറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി’ഗാമാസ് ട്രഷര്‍’ കൊച്ചിയില്‍ ആരംഭിച്ചു. കാക്കനാട് നവോദയ സ്റ്റുഡിയോയിലാണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്. ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഒരുക്കിയ ജിജോ പുന്നൂസാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ബറോസിന്റെ ചിത്രീകരണം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ‘ജീവിത വഴിത്താരയില്‍ വിസ്മയചാര്‍ത്തുകളില്‍ സ്വയം നടനായി, നിര്‍മാതാവായി, സിനിമ ജീവനായി ജീവിതമായി മാറി. ഇപ്പോഴിതാ ആകസ്മികമായ മറ്റൊരു വിസ്മയത്തിന് തിരനോട്ടം കുറിക്കുകയാണ്’ എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. 2019-ലാണ് ബറോസ് എന്ന ചിത്രത്തെക്കുറിച്ച് മോഹന്‍ലാലിന്റെ ഔദ്യോഗിക പ്രഖ്യാപനം. സിനിമാ രംഗത്തുള്ള നിരവധിപേരാണ് നവോദയ സ്റ്റുഡിയോയില്‍ നടക്കുന്ന പൂജ ചടങ്ങിനായെത്തിയിട്ടുള്ളത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ് സുകുമാരന്‍, പ്രതാപ് പോത്തന്‍ തുടങ്ങിയവരും ഉണ്ട്. ഗോവയും പോര്‍ച്ചുഗലുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

content highlights: Barroz movie shooting started