സൂയസ് കനാലിലെ തടസ്സം നീക്കിയതായി കപ്പൽ കമ്പനി; എവര്‍ഗിവണ്‍ വീണ്ടും ചലിച്ചു തുടങ്ങി

ഈജിപ്തിലെ സൂയസ് കനാലില്‍ കുടുങ്ങിയ ഭീമൻ ചരക്കുകപ്പൽ എവര്‍ഗിവണ്‍ തടസ്സങ്ങൾ നീക്കി ചലിച്ചു തുടങ്ങി. ലോകത്തെ ഏറ്റവും വലിയ ചരക്ക് കണ്ടെയ്‌നര്‍ കപ്പലുകളിലൊന്നായ എവര്‍ഗിവണ്‍ ചൊവ്വാഴ്ച രാവിലെയാണ് സൂയസ് കനാലില്‍ കുടുങ്ങിയത്. ഇതോടെ 450-ഓളം കപ്പലുകളുടെ യാത്രയ്ക്കാണ് തടസ്സം നേരിട്ടത്. എവര്‍ഗിവണ്‍ നീങ്ങിത്തുടങ്ങിയെങ്കിലും ഇതുവഴിയുള്ള ഗതാഗതം ഉടൻ തുറന്നു കൊടുക്കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല.

എവർഗ്രീൻ മറീൻ കമ്പനിയുടെ 400 മീറ്റർ നീളവും 59 മീറ്റർ വീതിയുമുള്ള എവർ ഗിവൺ കപ്പൽ  പ്രതികൂല കാലാവസ്ഥയിൽ കനാലിൽ കുടുങ്ങുകയായിരുന്നു. പെട്ടെന്നുണ്ടായ കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കനാലിന് ഏകദേശം കുറുകെയാണ് എവര്‍ഗിവണ്‍ നിലയുറപ്പിച്ചിരുന്നത്. ചൈനയില്‍ നിന്ന് നെതര്‍ലന്‍ഡിലെ റോട്ടര്‍ഡാമിലേക്കുള്ള യാത്രയിലായിരുന്നു കപ്പല്‍. ഡച്ച് കമ്പനിയായ റോയൽ ബോസ്കാലിസാണു കപ്പൽ നീക്കുന്ന ദൗത്യമേറ്റെടുത്തിരിക്കുന്നത്.

തായ്‌വാനിലെ എവര്‍ഗ്രീന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് എവര്‍ഗിവണ്‍ കപ്പല്‍. 2017 ല്‍ ജപ്പാനില്‍ നിന്നുള്ള ചരക്കുകപ്പല്‍ സാങ്കേതികത്തകരാറ് മൂലം നിന്നതിനെ തുടര്‍ന്ന് കനാലില്‍ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നുവെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ കപ്പലിനെ നീക്കാന്‍ സാധിച്ചിരുന്നു.

content highlights: Giant Ship Stuck For Days In Suez Canal Floats Again: Report