ജോസ് കെ. മാണിയുടെ വിവാദ ലൗ ജിഹാദ് പരാമര്‍ശത്തെ കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചതോടെ പ്രസ്താവന തിരുത്തി ജോസ് കെ. മാണി. ലൗ ജിഹാദ് സംബന്ധിച്ച് ഇടതുമുന്നണിയുടെ അഭിപ്രായം തന്നെയാണ് കേരള കോണ്‍ഗ്രസിന്റെയും അഭിപ്രായമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ജോസ് കെ. മാണിയുടെ പരാമര്‍ശത്തെപ്പറ്റി അറിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയപ്പോള്‍ ജോസ് കെ. മാണിയെ പിന്‍തുണച്ച് ബിജെപിയും കെസിബിസിയും രംഗത്തെത്തി. ജോസ് കെ മാണിയുടെ പ്രതികരണം ജാതീയത വളര്‍ത്തുന്നതിന്റെ ഭാഗമാണെന്ന് യുഡിഎഫ് വിമര്‍ശിച്ചു. ജോസ് കെ.മാണിയുടെ നിലപാടിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. മതമൗലികവാദികളുടെ പ്രചാരണമാണ് ലൗ ജിഹാദെന്നും പ്രകടനപത്രികയിലെ കാര്യങ്ങളാണ് ഘടകകക്ഷികള്‍ പ്രചരിപ്പിക്കേണ്ടതെന്നും അല്ലാത്തവ ആ പാര്‍ട്ടിയുടെ മാത്രം അഭിപ്രായമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയും പാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ ജോസ് കെ മാണി കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണത്തോടെയാണ് ലൗ ജിഹാദ് വിഷയം സംസ്ഥാനത്ത് വീണ്ടും ചര്‍ച്ചയായത്. ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതില്‍ യാഥാര്‍ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണമെന്നുമായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം. ലൗ ജിഹാദ് വിഷയം പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: kerala congress leader jose k mani response about his love jihad comment