സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത. എല്ലാം ശരിയായത് ചില നേതാക്കളുടെയും ആശ്രിതരുടെയും കുടുംബങ്ങളില്‍ മാത്രമാണെന്ന് അതിരൂപതയുടെ മുഖപത്രമായ കത്തോലിക്ക സഭയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിമര്‍ശിച്ചു. വോട്ട് പാഴാക്കരുതെന്നും ബുദ്ധിപൂര്‍വം വിനിയോഗിക്കണമെന്നും മുഖപത്രത്തില്‍ വിശ്വാസികള്‍ക്ക് നിര്‍ദ്ദേശമുണ്ട്.
എല്ലാം ശരിയാക്കാമെന്ന് പറഞ്ഞാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ ഒന്നും ശരിയായില്ല. ശരിയായത് ചില നേതാക്കളുടെയും അവരുടെ ആശ്രിതരുടെയും കുടുംബങ്ങളില്‍ മാത്രമാണെന്നും ലേഖനത്തില്‍ പറയുന്നു. പിന്‍വാതില്‍ നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ എടുത്ത് പറഞ്ഞായിരുന്നു അതിരൂപതയുടെ വിമര്‍ശനം. ഈ തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് പരോക്ഷമായി സൂചിപ്പിക്കുന്ന തരത്തിലാണ് സഭയുടെ ലേഖനം.
ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും ഭൂരിപക്ഷ വര്‍ഗീയതയുടെ കാല്ക്കീഴിലാക്കാന് ഇവര്‍ ശ്രമിക്കുന്നു. കേരളം ഇതുവരെ അതിന് പിടി കൊടുത്തിട്ടില്ല. ഇത്തവണയും അതുണ്ടാവരുത്. അതുകൊണ്ട് ശ്രദ്ധാപൂര്‍വം ബുദ്ധി ഉപയോഗിച്ച് വേണം വോട്ട് ചെയ്യാനെന്നും ലേഖനത്തില്‍ പറയുന്നു. വര്‍ഗീയതയുടെ പേര് പറഞ്ഞ് വോട്ട് ചോദിക്കാന്‍ വരുന്നവരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കരുത് എന്നും അതിരൂപത ഓര്‍മ്മിപ്പിക്കുന്നു.
തൃശൂര്‍ അതിരൂപത മുഖപത്രമായ കത്തോലിക്കാസഭയുടെ കഴിഞ്ഞ രണ്ട് ലക്കത്തിലും യുഡിഎഫിന് എതിരെയും എല്‍ഡിഎഫിനെതിരെയും രൂക്ഷമായ വിമര്‍ശനമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം മുഖപത്രത്തിലുള്ളത്. എന്‍ഡിഎയ്ക്കെതിരെയും വിമര്‍ശനമുണ്ട്. മത സ്പര്‍ദ്ധ ഉളവാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അത്തരക്കാര്‍ ഇതുവരെ കേരളത്തില്‍ നിലയുറപ്പിച്ചിട്ടില്ലെന്നും മുഖപത്രത്തില്‍ പറയുന്നു
Content Highlights: catholic sabha Archdiocese of Trissur against LDF government