മലയാളി കന്യാസ്ത്രീകളെ ഉൾപ്പെടെ കയ്യേറ്റം ചെയ്ത സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. അൻജൽ അർജാരിയ, പർഗേഷ് അമാരിയ എന്നിവരാണ് അറസ്റ്റിലായത്. രാഷ്ട്രഭക്ത് സംഗതൻ സംഘടനാ പ്രസിഡന്റാണ് അർജാരിയ. ഹിന്ദു ജാഗരൺ മഞ്ച് സെക്രട്ടറിയാണ് പർഗേഷ്.
മാർച്ച് 19 ഒഡിഷയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് മലയാളി ഉൾപ്പെടെ നാലു കന്യാസ്ത്രീകൾക്കു നേരെ ആക്രമണം ഉണ്ടായത്. യുവതികളെ മതം മാറ്റാൻ കൊണ്ടുപോകുന്നു എന്നാരോപിച്ച് ബജ്റംഗ്ദൾ പ്രവർത്തകരാണ് ആക്രമണം നടത്തിയത്. തുടർന്ന് പൊലീസ് സന്ന്യാസിനിമാരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്നാണ് സന്ന്യാസിനിമാരെ മോചിപ്പിച്ചത്.
സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കെതിരായ നടപടികള്‍ പുരോഗമിക്കുകയാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. പിടിയിലായവര്‍ കന്യാസ്ത്രീകളോടൊപ്പം ട്രെയിനില്‍ സഞ്ചരിച്ചവരല്ലെന്നും എന്നാല്‍ സംഭവത്തില്‍ ഇവര്‍ക്ക് പങ്കുള്ളതായും പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാര്‍ സിങ് പറഞ്ഞു. അക്രമത്തിന്റെ വീഡിയോ ദൃശ്യം പ്രചരിച്ചതോടെയാണ് സംഭവം വാര്‍ത്താ പ്രധാന്യം നേടിയത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതോടെ സംഭവത്തില്‍ തെറ്റുകാരായ ആളുകള്‍ ശിക്ഷിക്കപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു.
Content Highlights: Attack on nuns: Two arrested