ബിജെപി സ്ഥാനാർഥിയുടെ കാറില്‍ വോട്ടിങ് യന്ത്രം; ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍, റീപോളിങ് നടത്തും

ബി.ജെ.പി നേതാവിന്റെ കാറില്‍ വോട്ടിങ് യന്ത്രം കണ്ടെത്തിയ അസമിലെ രതബാരി നിയോജക മണ്ഡലത്തിലെ 149ാം ബൂത്തില്‍ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. സംഭവുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തു. കണ്ടെത്തിയ മെഷീൻ ഉപയോഗിച്ച റത്താബാരി മണ്ഡലത്തിലെ ബൂത്തിൽ റീപോളിങ് നടത്തും. ബി.ജെ.പി സ്ഥാനാര്‍ഥിയായ കൃഷ്‌ണേന്ദു പാലിന്റെ കാറില്‍ നിന്നാണ് കഴിഞ്ഞ ദിവസം വോട്ടിങ് യന്ത്രം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് മണ്ഡലം ഉള്‍പ്പെടുന്നു കരീംഗഞ്ച് ജില്ലയില്‍ വ്യാപകമായ അക്രമങ്ങള്‍ നടന്നിരുന്നു.

കോണ്‍ഗ്രസ് ഉള്‍പ്പടെയുളള പാര്‍ട്ടികള്‍ വിഷയത്തില്‍ നടപടി ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെ.പി ശ്രമത്തിന്റെ തെളിവാണ് സംഭവമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. വ്യാഴാഴ്ചയാണ് അസമില്‍ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടന്നത്. കൃഷ്‌ണേന്ദു പാലിന്റെ കാറില്‍ നിന്ന് വോട്ടിങ് മെഷീന്‍ കണ്ടെടുക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരിച്ചിരുന്നു.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട കാറില്‍ വോട്ടിങ് മെഷീനുകള്‍ സ്‌ട്രോങ്‌ റൂമിലേക്ക് കൊണ്ടുപോകുന്നതിനിടെ കാറ് കേടായെന്നും തുടര്‍ന്ന് അതിലെ വന്ന സ്വകാര്യ വാഹനത്തില്‍ വോട്ടിങ് മെഷീന്‍ മാറ്റുകയുമായിരുന്നെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത് സ്ഥാനാര്‍ഥിയുടെ വാഹനമാണെന്ന് അറിയില്ലായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഈ വാഹനം കൃഷ്‌ണേന്ദു പാലിന്റെ ഭാര്യയുടെ പേരിലുള്ളതാണെന്ന് അദ്ദേഹത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

Content Highlights: EVM In Assam BJP Candidate Car: 4 Officials Suspended, Repoll At Station