എറണാകുളം ലുലു മാളില്‍ തോക്ക് കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പ്രതിയെന്ന് സംശയിക്കുന്ന 80 വയസ് തോന്നിക്കുന്ന ആളാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്ന് ഡിസിപി ഐശ്വര്യ ഡോംഗ്റെ പറഞ്ഞു. കളമശേരി സ്വദേശിയായ ആലുവയില്‍ താമസിക്കുന്നയാളെ കാറ് പരിശോധിച്ച ശേഷമാണ് പിടികൂടിയത്. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. തോക്കും വെടിയുണ്ടകളും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. തോക്കിനൊപ്പം ലഭിച്ച കത്തിലെ വിവരങ്ങളും പരിശോധിക്കുന്നുണ്ട്. ഈസ്റ്ററും തെരഞ്ഞെടുപ്പും പരിഗണിച്ച് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ശനിയാഴ്ച ഉച്ചയോടെയാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ തോക്കും വെടിയുണ്ടകളും മാളിലെ ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുന്നത്. തുണിസഞ്ചിയില്‍ പൊതിഞ്ഞു ട്രോളിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു തോക്ക്. ട്രോളി വൃത്തിയാക്കിയ സ്റ്റാഫാണ് തോക്ക് ആദ്യം കണ്ടത്. പിസ്റ്റലും അഞ്ച് വെടിയുണ്ടകളും തോക്ക് കൈമാറേണ്ടവരുടെ വിവരങ്ങളും ഇതിനൊപ്പമുണ്ടായിരുന്നു. 1964 മോഡല്‍ തോക്കാണ് കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധന ഫലം വന്നാലേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കൂവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
content highlights: Gun found in lulu mall


