രാജ്യത്ത് 93,249 കോവിഡ് കേസുകൾ കൂടി; 513 മരണം

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം തൊണ്ണൂറായിരം പിന്നിട്ടു. 24 മണിക്കൂറിനിടെ 93,249 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 513 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. സർക്കാർ കണക്കനുസരിച്ച് ഇത് വരെ 1,64,623 പേരാണ് രാജ്യത്ത് കൊവിഡ് ബാധ മൂലം മരിച്ചത്. നിലവിൽ 6,91,597 പേർ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലുണ്ട്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍ 1,24,85,509 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 7,59,79,651 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

തുടര്‍ച്ചയായ 25-ാം ദിവസമാണ് രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 93.14 ശതമാനമാണ് രോഗമുക്തി നിരക്ക്. മഹാരാഷ്ട്ര, കര്‍ണാടക, ഛത്തീസ്ഗഢ്, ഡല്‍ഹി, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് എന്നീ എട്ട് സംസ്ഥാനങ്ങളിലാണ് ആശങ്കയുണര്‍ത്തുന്ന തരത്തില്‍ കേസുകള്‍ വര്‍ധിക്കുന്നത്.

രാജ്യത്തെ ആകെ കേസുകളുടെ 60 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്. രാജ്യത്ത് കൂടുതല്‍ കോവിഡ് കേസുകളുള്ള പത്ത് ജില്ലകളില്‍ എട്ടെണ്ണവും മഹാരാഷ്ട്രയിലാണ്. ശനിയാഴ്ച മാത്രം മുംബൈയില്‍ 9000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

content highlights: India Covid Updates