ഉത്തരാഖണ്ഡില്‍ കാട്ടുതീ പടരുന്നു; നാല് മരണം

ഉത്തരാഖണ്ഡില്‍ കാട്ടുതീയില്‍ പെട്ട് നാല് പേര്‍ ഇതുവരെ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി കാട്ടുമൃഗങ്ങൾ വെന്തുമരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച ഉച്ചയോടെയാണ് കാട്ടുതീ പടര്‍ന്നു തുടങ്ങിയത്. സംസ്ഥാനത്തിന്റെ വിവിധ മേഖലയിലെ 62 ഹെക്ടര്‍ വനഭൂമിയിലാണ് തീ പടര്‍ന്നത്. 37 ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

12000 ഗാര്‍ഡുകളും ഫയര്‍ വാച്ചര്‍മാരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സംസ്ഥാന പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പറഞ്ഞു. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സ്ഥിതിഗതികള്‍ നിരീക്ഷണത്തിലാണെന്നും ഉത്തരാഖണ്ഡ് മന്ത്രി ഹരക് സിങ് റാവത്ത് പറഞ്ഞു.

തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഉന്നതതല യോഗം വിളിച്ചുചേര്‍ത്തതായി മുഖ്യമന്ത്രി തിരാത് സിങ് റാവത്ത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു. ഉത്തരാഖണ്ഡിലേക്ക് എന്‍ഡിആര്‍എഫ് സംഘത്തെ വിന്യസിച്ചതായി കേന്ദ്രമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. ഉത്തരാഖണ്ഡ് സര്‍ക്കാരിന് ഹെലികോപ്ടറുകള്‍ കൈമാറുമെന്നും ഷാ ട്വീറ്റ് ചെയ്തിട്ടുണ്ട്.

content highlights: Uttarakhand Fire: 4 persons, 7 animals dead