പരസ്യ പ്രചരണം അവസാനിച്ചു; ഇന്ന് നിശബ്ദ പ്രചാരണം

fronts in last ditch effort to confirm vote

പരസ്യ പ്രചരണം അവസാനിച്ചതോടെ ഇന്ന് നിശബ്ദ പ്രചാരണം. അവസാന വോട്ടും ഉറപ്പിക്കാനുള്ള ശ്രമത്തിലാകും സ്ഥാനാർഥികളും മുന്നണികളും. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവും ഇന്ന് നടക്കും. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചരണം അവസാനിക്കുമ്പോള്‍ മിക്ക മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമായി മാറിയെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ വിലയിരുത്തല്‍. ഇനിയുള്ള മണിക്കൂറുകള്‍ ഇനി നിർണായകമാണ്. വോട്ടിങ് സ്ലിപ്പും അഭ്യർഥനയുമായി അവസാനവട്ട സ്ക്വാഡ് പ്രവർത്തനങ്ങളിലുമായിരിക്കും നേതാക്കളും പ്രവർത്തകരും.

സംസ്ഥാനത്തെ നേതാക്കളടക്കമുള്ള മുഴുവന്‍ പ്രവർത്തകരുടെ അവരവരുടെ ബൂത്ത് പ്രദേശത്തെ വീടുകളില്‍ നേരിട്ടെത്തി വോട്ടഭ്യർഥിക്കണമെന്ന നിർദേശം യുഡിഎഫ് നല്‍കിയിട്ടുണ്ട്. പ്രകടന പത്രികയെക്കുറിച്ചും സർക്കാരിന്‍റെ ജനവിരുദ്ധനയങ്ങളെക്കുറിച്ചും സംവദിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ചിട്ടയായ സ്ക്വാഡ് പ്രവർത്തനങ്ങള്‍ക്ക് എല്‍ഡിഎഫും രൂപം കണ്ടിട്ടുണ്ട്. പ്രധാനപ്പെട്ട വ്യക്തികളെ കാണുക, വിവിധ വിഭാഗങ്ങളുടെ വോട്ട് ഉറപ്പുവരുത്തുക തുടങ്ങിയ പ്രവർത്തനങ്ങളില്‍ സ്ഥാനാർഥികളും സജീവമാകും.

സംസ്ഥാനത്ത് പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ 8 മണി മുതല്‍ തുടങ്ങും. കൺട്രോൾ യൂണിറ്റ്, ബാലറ്റിങ് യൂണിറ്റ്, വിവി പാറ്റ്, വോട്ടേഴ്‌സ് സ്ലിപ്പ്, സ്റ്റേഷനറി സാമഗ്രികൾ തുടങ്ങി വോട്ടിങ് കേന്ദ്രത്തിലേക്ക് ആവശ്യമായ എല്ലാ വസ്തുക്കളും വിതരണം ചെയ്യും. കോവിഡ് പ്രോട്ടോകോൾ, ഹരിത പെരുമാറ്റച്ചട്ടം എന്നിവ കർശനമായി പാലിച്ചുകൊണ്ടായിരിക്കും സാമഗ്രികളുടെ വിതരണം.

Content Highlights; fronts in last ditch effort to confirm vote