തിരുവനന്തപുരത്ത് സ്വര്‍ണ വ്യാപാരിയെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് 100 പവന്‍ കവര്‍ന്നു. സ്വര്‍ണാഭരണങ്ങള്‍ നിര്‍മിച്ച് ജ്വല്ലറികള്‍ക്ക് നല്‍കുന്ന മഹാരാഷ്ട്ര സ്വദേശി സമ്പത്തിനു നേരെയാണ് അക്രമണമുണ്ടായത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ പള്ളിപ്പുറം ടെക്‌നോ സിറ്റിക്കു സമീപമായിരുന്നു സംഭവം. രണ്ട് കാറുകളിലായി എത്തിയ അജ്ഞാതസംഘം സമ്പത്തിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി മുളകുപൊടി എറിഞ്ഞു. തുടര്‍ന്ന് വെട്ടിപരിക്കേല്‍പ്പിച്ച ശേഷമാണ് സ്വര്‍ണം കവര്‍ന്നതെന്നാണ് സമ്പത്ത് പൊലീസിന് നല്‍കിയ പരാതി.
ആറ്റിങ്ങലിലെ സ്വര്‍ണക്കടയിലേക്ക് നല്‍കാനായുള്ള സ്വര്‍ണം കൊണ്ടുവരുമ്പോഴാണ് അക്രമണമുണ്ടായത്. സമ്പത്തിന്റെ കാറിന്റെ മുന്നിലും പിന്നിലുമായിട്ടായിരുന്നു സംഘത്തിന്റെ കാറുകള്‍. മുന്നിലെ കാര്‍ നിര്‍ത്തിയാണ് സമ്പത്ത് സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞത്. വെട്ടുകത്തികൊണ്ട് ഗ്ലാസ് തകര്‍ത്ത് മുഖത്തേക്ക് മുളകുപൊടി എറിയുകയായിരുന്നു. സമ്പത്തിന്റെ ഡ്രൈവര്‍ അരുണിനും മര്‍ദനമേറ്റു. അരുണിനെ കാറില്‍ നിന്നിറക്കി അക്രമികള്‍ വന്ന കാറില്‍ കയറ്റി മര്‍ദിച്ച് വാവറ അമ്പലത്തിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. അതേസമയം, സംഭവസമയം കാറില്‍ കൂടെയുണ്ടായിരുന്ന ബന്ധുവായ ലക്ഷ്മണയെ കാണാനില്ലെന്നും സമ്പത്ത് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മംഗലാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: Jewelry shop owner attacked in Thiruvananthapuram