റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന ആക്രമണത്തിൽ മുഖ്യ പങ്ക് ആരോപിച്ച് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത നടൻ ദീപ് സിദ്ദുവിന് ജാമ്യം. ദീപ് സിദ്ദു സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിച്ച ഡൽഹി കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രോസിക്യൂഷന്റെ എതിർപ്പ് തള്ളിയാണ് ഡൽഹിയിലെ അഡീഷണൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. കേസ് അന്വേഷണവുമായി സഹകരിക്കണമെന്നും പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും കോടതി താരത്തോട് നിർദ്ദേശിച്ചു. 30,000 രൂപയുടെ രണ്ട് ബോണ്ട് നൽകണമെന്നും രണ്ടു പേരുടെ ആൾ ജാമ്യം ഹാജരാക്കണമെന്നും ദീപ് സിദ്ദുവിനോട് കോടതി ആവശ്യപ്പെട്ടു.
ചെങ്കോട്ടയിലെ സാന്നിധ്യവും പതാക ഉയർത്തലും തെറ്റല്ലെന്നും അക്രമ സംഭവങ്ങളിൽ തനിക്കു പങ്കില്ലെന്നുമായിരുന്നു ദീപ് സിദ്ദുവിന്റെ വാദം. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തന്നെ താൻ ഉന്നയിച്ച കാര്യങ്ങളുടെ വസ്തുത ബോധ്യപ്പെടാവുന്നതാണെന്നായിരുന്നു സിദ്ദുവിന്റെ വാദം. കഴിഞ്ഞ ഫെബ്രുവരി ഒൻപതിനാണ് ഡൽഹി പൊലീസ് സിദ്ദുവിനെ അറസ്റ്റ് ചെയ്തത്. റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ പ്രതിഷേധ ട്രാക്ടർ റാലിക്കിടെയാണ് സിദ്ദുവിന്റെ നേതൃത്വത്തിൽ ഒരു സംഘം ചെങ്കോട്ടയിൽ കടന്ന് സിഖ് പതാക ഉയർത്തിയത്.
Content Highlights: Actor Deep Sidhu, Accused In Red Fort Violence On Republic Day, Gets Bail