കുംഭമേള പ്രതീകാത്മകമാവണം: പ്രധാനമന്ത്രി മോദി

കുംഭമേള പ്രതീകാത്മകമാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി ഈ അഭ്യർഥന നടത്തിയത്. രാജ്യത്തെ കോവിഡ് സാഹചര്യം പരിഗണിച്ച് കുംഭമേള പ്രതീകാത്മകമാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുംഭമേളയിൽ പങ്കെടുത്തതിനു പിന്നാലെ കോവിഡ് പോസിറ്റീവ് ആയ നിരഞ്ജനി അഘാഡ സന്യാസിമാരുടെ ആരോഗ്യ സ്ഥിതി അന്വേഷിച്ചതായും പ്രധാനമന്ത്രി അറിയിച്ചു. സന്യാസിമാരുടെ ക്ഷേമത്തിനായി എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുംഭമേളയുടെ പ്രധാന ചടങ്ങുകൾ നടന്നുകഴിഞ്ഞുവെന്നും ഇനി കുംഭമേള പ്രതീകാത്മകമാവണമെന്നും അദ്ദേഹം അഭ്യർഥിച്ചു. കോവിഡിനെതിരായ പോരാട്ടത്തിന് ഇതു ശക്തി പകരുമെന്നും മോദി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ക്ഷേമാന്വേഷണത്തിൽ നന്ദി അറിയിച്ച സ്വാമി അവധേശാനന്ദ് ഈ സാഹചര്യത്തിൽ എല്ലാവരും കോവിഡ് മാർഗനിർദേശങ്ങളും സുരക്ഷാ മുന്നറിയിപ്പുകളും പാലിക്കണമെന്നും ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച കുംഭമേളയിൽ പങ്കെടുത്ത 24 സന്യാസിമാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ മേളയിൽ പങ്കെടുത്ത ആകെ 54 സന്യാസിമാർക്കാണ് രോഗം ബാധിച്ചത്. ഇതുകൂടാതെ, വിവിധ അഘാഡകളിൽനിന്നു കുംഭമേളയിൽ പങ്കെടുത്ത 203 സന്യാസിമാരുടെ പരിശോധനാ റിപ്പോർട്ടും പുറത്തുവരാനുണ്ട്.