മകള്‍ വൈഗയുടെ മരണത്തിനു പിന്നാലെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ളാറ്റില്‍ സനു മോഹന്‍ പിടിയില്‍. കര്‍ണാടകയില്‍ വെച്ചാണ് സനുവിനെ പൊലീസ് പിടികൂടിയത്. ഇന്നു രാത്രിയിലോ തിങ്കളാഴ്ച രാവിലെയോ സനു മോഹനെ കൊച്ചിയില്‍ എത്തിക്കുമെന്നാണ് വിവരം. മാര്‍ച്ച് 20നാണ് സനു മോഹനെ(40)യും മകള്‍ വൈഗയെയും (13) കാണാതായത്. പിറ്റേന്ന്, വൈഗയെ മുട്ടാര്‍ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ സനു മോഹന്‍ കേരളം വിടുകയായിരുന്നു. കൊല്ലൂര്‍ മൂകാംബികയില്‍ ആറ് ദിവസം ഇയാള്‍ താമസിച്ചിരുന്നതായി സ്ഥിരീകരിച്ചതോടെയാണ് കര്‍ണാടക കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഏപ്രില്‍ 10 മുതല്‍ 16 രാവിലെ 8.45 വരെ സനു മോഹന്‍ കൊല്ലൂരിലെ ലോഡ്ജില്‍ താമസിച്ചിരുന്നു. എന്നാല്‍ വാടക പോലും നല്‍കാതെ ഇയാള്‍ ഇവിടെനിന്ന് കടന്നുകളയുകയായിരുന്നു. ഇതേത്തുടര്‍ന്ന് ലോഡ്ജ് അധികൃതര്‍ മലയാളി സമൂഹത്തെ വിവരം അറിയിക്കുകയും വാര്‍ത്ത കൊടുക്കുകയും ചെയ്തതിനൊപ്പം അന്വേഷണവും ആരംഭിച്ചിരുന്നു.
ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ലോഡ്ജിലെ മലയാളിയായ മാനേജര്‍ നാട്ടില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് സനു മോഹനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകുന്നത്. പിന്നാലെ ഇയാളുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. അതേസമയം, ഇദ്ദേഹം താമസിച്ചിരുന്ന മുറിയില്‍ ലഗേജുകളോ മറ്റോ ഉണ്ടായിരുന്നില്ല.
നേരത്തെ, മഹാരാഷ്ട്രയില്‍ നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടയാളാണ് സനുമോഹനെന്ന് കണ്ടെത്തി. ഇതോടെ മഹാരാഷ്ട്ര കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചു. ഒരുവിവരവും കിട്ടാതായതോടെ ഇയാള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
content highlights: Karnataka police informs Sanu Mohan is in police custody