കോവിഡ്: ഐസിഎസ്ഇയും പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതായി ബോര്‍ഡ് അറിയിച്ചു. മാതാപിതാക്കളുടെയും വിദ്യാര്‍ഥികളുടെയും അഭ്യര്‍ഥന പരിഗണിച്ച് 10, 12 പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതായി കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍ ബോര്‍ഡ് അറിയിച്ചത്.

പന്ത്രണ്ടാം ക്ലാസ് പരീക്ഷ പിന്നീട് നടത്തും. ഏപ്രില്‍ 16ലെ സര്‍ക്കുലറില്‍ നല്‍കിയിരുന്ന ഓപ്ഷനുകള്‍ പിന്‍വലിച്ചുവെന്നും ബോര്‍ഡ് അറിയിച്ചു. 11-ാം ക്ലാസിലേക്കുള്ള പ്രവേശനം ആരംഭിക്കാന്‍ എല്ലാ സ്‌കൂളുകള്‍ക്കും ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കണമെന്നും നിര്‍ദേശിച്ചു

പത്താം ക്ലാസ് പരീക്ഷ മേയ് 5-നും 12-ാം ക്ലാസ് പരീക്ഷ ഏപ്രില്‍ എട്ടിനും ആരംഭിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇരുപരീക്ഷകളും മാറ്റിവയ്ക്കുകയായിരുന്നു. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ നേരത്തേ റദ്ദാക്കിയിരുന്നു.

Content Highlights: ICSE Class 10 Board Exam Cancelled Due To “Worsening Situation” Of Covid