സംസ്ഥാനത്ത് നടക്കുന്ന കൂട്ടപ്പരിശോധന അശാസ്ത്രീയമാണെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. ഫലം വൈകുന്നത് പ്രതിസന്ധിയാണ്. ലാബ് സൗകര്യവും ആളെണ്ണവും കൂട്ടണമെന്നും കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന് (കെജിഎംഒഎ) ആവശ്യപ്പെട്ടു. സംവിധാനങ്ങളിലെ അപര്യാപ്തത ചൂണ്ടിക്കാട്ടിയാണ് വലിയ രീതിയിലുള്ള ആര്‍ടിപിസിആര്‍ പരിശോധനയെ സംഘടന എതിര്‍ക്കുന്നത്. കേരളത്തിലെ ആര്‍ടിപിസിആര്‍ ടെസ്റ്റിംഗ് സംവിധാനങ്ങള്‍ക്കു താങ്ങാവുന്നതിലുമപ്പുറം പരിശോധനകളാണ് ഇപ്പോള്‍ ചെയ്യുന്നതെന്നു സംഘടന പറയുന്നു. പരിശോധന ഫലം വരാന്‍ ദിവസങ്ങള്‍ തന്നെ കാത്തിരിക്കേണ്ടി വരുന്നു. കഴിഞ്ഞ ആഴ്ചയിലെ ഓഗ്മെന്റഡ് ടെസ്റ്റിന്റെ ഫലം ഇപ്പാഴും പൂര്‍ണ്ണമായും ലഭ്യമായിട്ടില്ല. ഇത് ടെസ്റ്റിന്റെ ഉദ്ദേശ്യം തന്നെ വിഫലമാക്കുന്നതാണ്.
ആര്‍ടിപിസിആര്‍ പരിശോധന രോഗലക്ഷണമുള്ളവരിലും സമ്പര്‍ക്കപട്ടികയിലുള്ളവരിലും നിജപ്പെടുത്തണം. ആര്‍ടിപിസിആര്‍ ടെസ്റ്റ് കൂട്ടുവാനുള്ള ലാബ് സൗകര്യങ്ങള്‍ അടിയന്തിരമായി ഒരുക്കണം. കൂടുതല്‍ ആന്റിജന്‍ ടെസ്റ്റിങ് കിറ്റ് ഉറപ്പാക്കണം. സര്‍ക്കാര്‍ സംവിധാനത്തിലെ ലാബ് ടെക്നീഷ്യന്മാര്, ദന്തല്‍ ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്സ് തുടങ്ങിയവരെ ഉപയോഗപ്പെടുത്തിയുള്ള സംവിധാനം വിപുലീകരിക്കുകയും ഇതിന് അധികമായി വേണ്ട മാനവ വിഭവശേഷി ഉറപ്പു വരുത്തുകയും വേണം. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ കുറവ് വലിയ തോതില്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഇതും പരിഹരിക്കപ്പെടണം.
വീടുകളില്‍ ചികില്‍സ പ്രോത്സാഹിപ്പിക്കുകയും വീടുകളില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി ക്വാറന്റീന് സെന്റര്‍ ആരംഭിക്കുകയും ചെയ്യണം. ക്വാറന്റീന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം തദ്ദേശ വകുപ്പിനു കൂടി വിഭജിച്ച് നല്‍കണം. പുതിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍, സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ എന്നിവ തുടങ്ങുമ്പോള്‍ അടുത്ത 6 മാസത്തേക്കെങ്കിലും താല്‍ക്കാലിക നിയമനം വഴി ജീവനക്കാരെ ഉറപ്പ് വരുത്തണം. ഇവിടത്തെ ശുചീകരണം, ഭക്ഷണ, അടിസ്ഥാന സൗകര്യ ചുമതലകള്‍ തദ്ദേശഭരണ വകുപ്പിനാകണം. എല്ലാം സ്വകാര്യ ആശുപത്രികളുടെയും സേവനം കോവിഡ് ചികിത്സക്ക് പ്രയോജനപ്പെടുത്തണം. ലഭ്യമായ ബെഡുകളുടെ കണക്ക് കൃത്യമായി അറിയുന്നതിനുള്ള കേന്ദ്രീകൃത സംവിധാനം ഒരുക്കണമെന്നും സംഘടന നിര്‍ദേശിച്ചു.
Content Highlights: KGMOA against Kerala Mass covid testing