പൂരത്തിന്റെ ഭാഗമായുള്ള തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തിൽവരവ് പഞ്ചവാദ്യം അർധരാത്രി നടക്കവെ ആലിന്റെ കൊമ്പ് ഒടിഞ്ഞുവീണ് 2 പേർ മരിച്ചു. തിരുവമ്പാടി ദേവസ്വം ആഘോഷ കമ്മിറ്റി അംഗവും ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥനുമായ രമേഷ് (56), പൂരം എക്സിബിഷൻ കമ്മിറ്റി അസി.സെക്രട്ടറി പനിയത്ത് രാധാകൃഷ്ണ മേനോൻ(56) എന്നിവരാണ് മരിച്ചത്. രമേഷ് മണ്ണുത്തി സ്വദേശിയാണ്. 27 പേർക്ക് പരുക്കുണ്ട്. 20 പേരെ ജില്ലാ ആശുപത്രിയിലും 7 പേരെ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
ബ്രഹ്മസ്വം മഠത്തിനു സമീപം പഞ്ചവാദ്യം നടന്നുകൊണ്ടിരിക്കുമ്പോഴാണ് കൊമ്പ് ഒടിഞ്ഞുവീണത്. ഈ ബഹളത്തിനിടെ ആന എംജി റോഡിലേക്ക് നീങ്ങിയെങ്കിലും ഉടൻ നിയന്ത്രണത്തിലാക്കാനായി. വൈദ്യുതി ലൈനിന് മുകളിലേക്കാണ് മരം പൊട്ടിവീണത്. ഉടന്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇരുട്ടായതിനാല്‍ ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം ചെറിയ രീതിയില്‍ തടസപ്പെട്ടു. പരുക്കേറ്റവരിൽ തിമില കലാകാരൻമാരായ കരിയന്നൂർ നാരായണൻ നമ്പൂതിരി, കോട്ടയ്ക്കൽ രവി, മദ്ദളം കലാകാരൻ വരദരാജൻ എന്നിവരുമുണ്ട്. ചില മാധ്യമപ്രവർത്തകർക്കും പരുക്കേറ്റിട്ടുണ്ട്. അപകടസ്ഥലത്ത് വൈദ്യുതി നിലച്ചതോടെ രക്ഷാപ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടു. അഗ്നിരക്ഷാസേനയുടെ 2 യൂണിറ്റ് സ്ഥലത്തെത്തി. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് നടക്കാനിരിക്കുന്ന മറ്റ് ചടങ്ങുകള്‍ നടത്തിയേക്കില്ല.
Content Highlights: Accident death during Thrissur Pooram