അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്; സംസ്ഥാനത്ത് ഇന്നും നാളെയും കർശന നിയന്ത്രണം

സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കുന്നിനുള്ള ക്രഷ് ദി കര്‍വ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കടുത്ത നിയന്ത്രണങ്ങള്‍. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം അവധിയായിരിക്കും. അത്യാവശ്യത്തിനല്ലാതെ ആളുകള്‍ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. .

സ്ഥല വിസ്തൃതിയുടെ പകുതി പേരെ മാത്രമേ ഒരു സമയം സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളു. ശരീര ഊഷ്മാവ് പരിശോധിക്കണം. കൈകള്‍ അണുവിമുക്തമാക്കണം. സന്ദര്‍ശകരുടെ പേരും മറ്റ് വിവരങ്ങളും എഴുതി സൂക്ഷിക്കണം. സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ഇക്കാര്യം ഉറപ്പാക്കും.

അനാവശ്യ യാത്രകളും പരിപാടികളും അനുവദനീയമല്ല. നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താം. അടഞ്ഞ ഇടങ്ങളില്‍ 75 പേര്‍ക്കും തുറസായ ഇടങ്ങളില്‍ 150 പേര്‍ക്കുമാണ് പരമാവധി പ്രവേശനം. മരണാനന്തര ചടങ്ങില്‍ 50 പേര്‍ക്കാണ് അനുമതി. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം. ദീര്‍ഘദൂര യാത്ര കഴിവതും ഒഴിവാക്കണം. അവശ്യ യാത്രകളില്‍ സ്വന്തമായി തയ്യാറാക്കിയ സത്യവാങ്മൂലം കരുതണം. ട്രെയിന്‍, വിമാന സര്‍വീസുകള്‍ സാധാരണ നിലയിലുണ്ടാവും. ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും രണ്ട് ദിവസങ്ങളിലും ഹോം ഡെലിവറി നടത്താം. ഹോട്ടലുകളില്‍ പോയി ഭക്ഷണം വാങ്ങുന്നവര്‍ സത്യപ്രസ്താവന കയ്യില്‍ കരുതണം.

പാല്‍, പത്രം, ജലവിതരണം, വൈദ്യുതി, മാധ്യമം തുടങ്ങിയവയ്ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. വീടുകളില്‍ മത്സ്യമെത്തിച്ച് വില്‍ക്കാം. വില്‍പ്പനക്കാര്‍ മാസ്‌ക് ധരിക്കണം. ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നിശ്ചയിച്ച പ്രകാരം നടക്കും. അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഇതിനായി യാത്ര ചെയ്യാം. കുട്ടികളെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിക്കുന്ന രക്ഷിതാക്കള്‍ ഉടന്‍ മടങ്ങണം. കൂടി നില്‍ക്കരുത്. സാമൂഹിക അകലം പാലിക്കണം. യാത്രാ സൗകര്യം ഉറപ്പാക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Content Highlights: Covid restrictions in Kerala