ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം പ്രതിദിനം 5600 ആയി ഉയരുമെന്ന് അമേരിക്കന്‍ ഏജന്‍സിയുടെ പഠനം. വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാല്യുവേഷന്‍(ഐഎച്ച്എംഇ)നടത്തിയ കോവിഡ് 19 പ്രൊജക്ഷന്‍സ് എന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍.
ഏപ്രില്‍-ആഗസ്റ്റ് കാലയളവില്‍ മാത്രം മൂന്നുലക്ഷത്തോളം പേര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടേക്കാം. ഏപ്രില്‍ പകുതിയോടെ ഇന്ത്യയില്‍ കോവിഡ് 19 അഞ്ചാമത്തെ മരണ കാരണമായി മാറാമെന്നും ഐഎച്ച്എംഇ മുന്നറിയിപ്പുനല്‍കുന്നു. ഇന്ത്യ നടത്തുന്ന കോവിഡ് പ്രതിരോധ വാക്‌സിന്‍ യജ്ഞത്തിന് രണ്ടാം തരംഗത്തെ അതിജീവിക്കാനാകുമെന്നും പഠനം പറയുന്നു.
വരും ആഴ്ചകളില്‍ രാജ്യത്തെ മഹാമാരി വളരെ രൂക്ഷമായി ബാധിക്കും. മെയ് 10 ആകുന്നതോടെ രാജ്യത്തെ കോവിഡ് ബാധിച്ചുളള പ്രതിദിന മരണനിരക്ക് 5600 ആയി ഉയരും. ഏപ്രില്‍ 12-നും ഓഗസ്റ്റ് ഒന്നിനുമിടയില്‍ 3,29,000 പേര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടേക്കാം. ജൂലൈ അവസാനത്തോടെ മരണസംഖ്യ 6,65,000 ആയി ഉയരും- ഏപ്രില്‍ 15ന് പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
ഏപ്രില്‍ ഒന്നാംവാരത്തിനും രണ്ടാംവാരത്തിനും ഇടയില്‍ പ്രതിദിനം സ്ഥിരീകരിച്ച പുതിയ കേസുകള്‍ 71 ശതമാനവും പ്രതിദിനമരണനിരക്ക് 55 ശതമാനവും വര്‍ധിച്ചു. മാസ്‌ക് ധരിക്കാന്‍ ജനങ്ങള്‍ വിസമ്മതിച്ചതും ഒത്തുചേരലുകളില്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ പങ്കെടുത്തതുമാണ് ഇത്തരത്തില്‍ കേസുകള്‍ ഉയരുന്നതിന് കാരണമായതെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlights: India’s Covid 19 deaths could peak by mid-May at 5,600, an American study